കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി തുടര്‍ച്ചയായി നടക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തിന്റെ അന്വേഷണം ഡല്‍ഹിയിലേക്ക്. കൊച്ചിയില്‍ പിടിയിലായ യുവതികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പടെ ഇതു സംബന്ധിച്ച എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും സിബിഎയ്ക്കു കൈമാറുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് വ്യക്തമാക്കി.കൊച്ചിയില്‍ 2014 ഡിസംബര്‍ 20നും 2015 ജൂലൈ 19നും പിടിച്ച മയക്കുമരുന്ന് ഡല്‍ഹിയില്‍ നിന്നും കൊടുത്തു വിട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ഡോര്‍ക്കസ് ഡോളി ജൂണ്‍ 18ന് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇവര്‍ ക്യാമ്പ് ചെയ്തത് മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ താവളത്തിലാണ്. 52 വാനിറ്റി ബാഗുകളിലായി 22 കോടി വിലയുള്ള ഇഫെഡ്രീന്‍ എന്ന മയക്കുമരുന്ന് പായ്ക്ക് ചെയ്ത് ചെക്കിംഗ് ബാഗില്‍ വച്ച് കൊടുത്തു വിടുകയായിരുന്നു.ട്രെയിനിലായിരുന്നു ഇവര്‍ എറണാകുളത്ത് എത്തിയത്. ഇവിടെ നിന്നും ദോഹ വഴി മലാവിയിലേക്കു പോകാനായിരുന്നു പരിപാടി. ഇവരുടെ എല്ലാ യാത്രാ രേഖകളും ക്രമീകരണങ്ങളും ശരിയാക്കിയത് ഡല്‍ഹിയില്‍ നിന്നായിരുന്നു. നിര്ദ്ദേശിച്ചിരുന്നയാള്ക്ക് മലാവി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഇതു കൈമാറണമെന്നായിരുന്നു യുവതിക്കു നല്കിയ നിര്‍ദ്ദേശം. ഡിസംബര്‍ 20നു പിടിയിലായ സിംബാബ്വെന് സ്വദേശിനി സീലിയ 20 കിലോഗ്രാം ഇഫെഡ്രീനാണ് കടത്താന്‍ ശ്രമിച്ചത്. ഇവരുടെ വരവും ഡല്‍ഹിയില്‍ നിന്നായിരുന്നു.ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ രാജ്യാന്തര ബന്ധങ്ങള്‍ ഏറെ ശക്തമാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ മറ്റെല്ലാ വിമാനത്താവളങ്ങള്‍ വഴിയും സമയവും സൗകര്യവും നോക്കി കരിയര്‍മാരെ വച്ച് ഇവര്‍ കോടികളുടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നതായാണ് നിഗമനം.
മയക്കു മരുന്നു കടത്ത് അന്വേഷണം ഡല്‍ഹി കേന്ദ്രീകരിച്ച്
0
Share.