പന്പ അന്താരാഷ്ട്ര സാഹിത്യ ഉത്സവം ജൂലൈ 24 മുതല്‍ ചെങ്ങന്നൂരില്‍

0

ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് ആന്‍റ് മോര്‍ (പന്പ) എന്ന കലാ സാഹിത്യ സംഘടന കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ സഹകരണത്തോടുകൂടി അന്താരാഷ്ട്ര സാഹിത്യ ഉത്സവം 2015 ജൂലൈ 24 മുതല്‍ 26 വരെ അങ്ങാടിക്കല്‍ പന്പാ തീരത്തുവച്ച് സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമുള്ള പുതിയ എഴുത്തുകാരെ മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക, അവരുമായി സംവദിക്കുവാനുള്ള അവസരം സൃഷ്ടിക്കുക, മലയാള സാഹിത്യത്തെ മറ്റ് ഭാഷകളില്‍ അവതരിപ്പിക്കുക, സാഹിത്യത്തെ സമൂഹത്തിന്‍റെ പ്രധാന പരിഗണനയിലേക്ക് കൊണ്ടുവരിക, തുടങ്ങിയവയാണ് സാഹിത്യ ഉത്സവത്തിന്‍റെ ലക്ഷ്യം. ഏതെങ്കിലും ഒരു രാജ്യത്തിന്‍റെയോ മേഖലയുടെയോ സാഹിത്യത്തിലും സംസ്കാരത്തിലും ഊന്നല്‍ നല്‍കിയാണ് സൗത്ത് ഇന്ത്യന്‍ റൈറ്റേഴ്സ് എന്‍സാംപിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സാഹിത്യ ഉത്സവം സംഘടിപ്പിക്കപ്പെടുന്നത്. ഈ വര്‍ഷം പ്രാധാന്യം നല്‍കിയിരിക്കുന്നത് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയ്ക്കാണ്. ആസാം മേഘാലയ, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരായ എഴുത്തുകാര്‍ സാഹിത്യ ഉത്സവത്തില്‍ പങ്കെടുക്കും. 2015 ജൂലൈ 24 വൈകുന്നേരം 3 മണിക്ക് പ്രസിദ്ധ ഇംഗ്ലീഷ് തമിഴ് എഴുത്തുകാരി ശ്രീമതി അംബെ സാഹിത്യ ഉത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാമൂഹ്യ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിവിധ സെഷനുകളില്‍ ഹേമന്ത് ദവാത്തെ ശ്രീ റോബിന്‍ എസ്. നാംഗോം, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, ശ്രീ രഹ്മത്ത് തരീക്കരെ, പങ്കജ് ദുബൈ, ബെന്യാമിന്‍, കല്‍പ്പറ്റ നാരായണന്‍, മിത്ര വെങ്കിട്ടരാജ്, അഞ്ജലി ആരതി ഹംബി, അനന്യ എസ്, ഗുഹ, സ്ട്രീലെറ്റ് ധാക്കര്‍, വാണി മഹേഷ്, പ്രീതി ഷിനോയ്, യുവാന്‍ ചന്ദ്രശേഖര്‍ തുടങ്ങി വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നും അന്പതോളം എഴുത്തുകാര്‍ പങ്കെടുക്കും. പ്രസിദ്ധ അമേരിക്കന്‍ നോവലിസ്റ്റ് ജോര്‍ജ്ജ് ബിഷപ് ജൂനിയറിന്‍റെ നേതൃത്വത്തിലുള്ള രചനാ ശില്‍പശാലയും സാഹിത്യ ഉത്സവത്തിന്‍റെ ഭാഗമായി നടക്കും. പങ്കെടുക്കുന്ന എഴുത്തുകാരുടെ രചനകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകവും പ്രസിദ്ധീകരിക്കപ്പെടുന്നു.

Share.

About Author

Comments are closed.