എണ്ണൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആയിരം കൈയുള്ള ബുദ്ധവിഗ്രഹം ഏഴുവര്‍ഷത്തെ കഠിനശ്രമത്തിലൂടെ ചൈന പൂര്‍വസ്ഥിതിയിലാക്കി. “കാരുണ്യത്തിന്റെ ദേവത’ എന്ന വിഗ്രഹം 62 കോടി രൂപയിലേറെ (98 ലക്ഷം ഡോളര്‍) ചെലവഴിച്ചാണ് നവീകരിച്ചത്. ലോക പൈതൃകസ്ഥാനമായി 1999ല്‍ യുനെസ്കോ പ്രഖ്യാപിച്ച മേഖല നവീകരണത്തിനുശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുനിലെ ദാസുവില്‍ 1127-1279 കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന 841 വര്‍ഷം പഴക്കമുള്ള വിഗ്രഹത്തിന് 7.7 മീറ്റര്‍ ഉയരവും 12.5 മീറ്റര്‍ വീതിയുമുണ്ട്. വിഗ്രഹത്തിന്റെ തകര്‍ന്നുപോയ 830 കൈകളും 227 ഉപകരണങ്ങളും ദശലക്ഷം സ്വര്ണപ്പാളികള്കൊണ്ടാണ് തൊഴിലാളികള്‍ പുനഃസ്ഥാപിച്ചത്. 1007 കൈകളുള്ള ശില്‍പ്പത്തിന്റെ ഓരോ കൈപ്പത്തിയിലും ഓരോ കണ്ണുവീതമുണ്ട്.നൂറ്റാണ്ടുകളുടെ കാലപ്പഴക്കംകൊണ്ട് വിഗ്രഹത്തിന്റെ നിറം മങ്ങുകയും സ്വര്‍ണത്തകിടുകളില്‍ വിള്ളല്‍വീഴുകയും ചെയ്തിരുന്നു. 1570, 1748, 1780, 1889 എന്നീ വര്‍ഷങ്ങളിലും മുമ്പ് വിഗ്രഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്.