അഞ്ജലി മേനോൻ സംവിധാനം ചെയ്ത് കേരളത്തിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ബാംഗ്ലൂർ ഡേയ്സ് തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റുന്നു. തമിഴ്,തെലുങ്ക് പതിപ്പിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്യ, സിദ്ധാർത്ഥ്,നാഗചൈതന്യ, സാമന്ത എന്നിവരാണ് ബാംഗ്ലൂർ ഡേയ്സിനെ മറ്റു ഭാഷകളിൽ അവതരിപ്പിക്കുക.എന്നാൽ ഇതു വരെ ഇവർ കരാർ ഒപ്പിട്ടിട്ടില്ല.
ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും നിർമിക്കാനാണ് തീരുമാനമെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സംവിധായകൻ ബൊമ്മാരില്ലു ഭാസ്കരനും നിർമ്മാതാക്കളും അഭിനേതാക്കളുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. രണ്ടു ഭാഷകളിലും പ്രേക്ഷകരെ കൈയിലെടുക്കാനാകുന്ന തരം അഭിനേതാക്കളെ ചിത്രത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് തമിഴിലും തെലുങ്കിലും പ്രശസ്തരായ നാല് അഭിനേതാക്കൾ ഉണ്ടാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടുണ്ട്.