മത്സ്യതൊഴിലാളികള്‍ മെയ് 2 ന് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ്ണ നടത്തുന്നു

0

തിരുവനന്തപുരം – ഡ‍ോ. സൈദാറാവു കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കരുതെന്നും മത്സ്യ മാര്‍ക്കറ്റുകളിലും വഴിയോരചന്തകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ മെയ 2 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു.

ഔട്ട് ബോര്‍ഡ് മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളും യന്ത്രവല്‍കൃത ബോട്ടുകളും ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 31 വരെ (61 ദിവസം) മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന ഡോ. സൈദാറാവു കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഈ തീരുമാനം മത്സ്യബന്ധന മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.  ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലുമാകും.  വള്ളങ്ങളും ബോട്ടുകളും 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) കടന്ന് മത്സ്യബന്ധനം നടത്തിയാല്‍ അവയെ പിടിച്ചെടുക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് അധികാരവും നല്‍കിയിരിക്കുകയാണ്.  തീരക്കടല്‍ മത്സ്യസന്പത്ത് ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ നിത്യവും 40 മുതല്‍ 80 നോട്ടിക്കല്‍ മൈല്‍വരെയുള്ള കടലിലാണ് മത്സ്യബന്ധനം നടത്തുന്നത്.

മത്സ്യസന്പത്തിന്‍റെ സംരക്ഷണത്തിനാണ് മത്സ്യബന്ധന നിരോധനമെങ്കില്‍ ട്രോളിംഗ് നിരോധനമാണ് ഏര്‍പ്പെടുത്തേണ്ടത്.  മറിച്ച് ഗില്‍നെറ്റ് (ഒഴുക്ക് വല) ഉപയോഗിച്ചുള്ള ഉപരിതല മത്സ്യബന്ധനവും ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനവും നടത്തുന്ന വള്ളങ്ങളെയും ബോട്ടുകളെയുമല്ല തടയേണ്ടത്.  വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍വരെയുള്ള കടലില്‍ വന്ന് യഥേഷ്ടം മത്സ്യബന്ധനം നടത്താന്‍ അവസരമൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരന്പരാഗത ചെറുകിട മീന്‍പിടുത്തക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  വിദേശ കപ്പലുകളാകട്ടെ പഴ്സീനറുകളും 100 ഉം 150 ഉം കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള വലകളും ഉപയോഗിച്ചാണ് മത്സ്യസന്പത്താകെ കോരിയെടുക്കുന്നത്.  ഇത് മത്സ്യതൊഴിലാളി സമൂഹത്തിന് അംഗീകരിക്കാനാവില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു നിവേദകസംഘം അടിയന്തിരമായി പ്രധാനമന്ത്രിയെ നേരില്‍കണ്ട് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ നാഷണല്‍ ഫിഷറീസ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റര്‍, കേരള സ്വതന്ത്രമത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.പി. ജോണ്‍, സെക്രട്ടറി ആന്‍റോ ഏലിയാസ്, ജെ.പി. ജോണ്‍, വലേരിയന്‍ ഐസക് എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.