വയനാട് വാഴവറ്റയില്‍ പീഡന ശ്രമത്തിനിരയായ ആദിവാസി യുവതിയുടെ പരാതി എഫ് ഐ ആറില്‍ പൊലീസ് സ്വത്തുതര്ക്കമാക്കി മാറ്റി. സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല. ആക്രമണത്തിനിരയായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസീല് നിന്ന് തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന നിലപാടിലാണ് പരാതിക്കാരിയായ ആദിവാസി യുവതി.പതിനേഴാം തിയതിയാണ് കുറുമ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതിക്ക് നേരെ ബന്ധുവും വാഴവറ്റ സ്വദേശിയുമായ ആളുടെ അതിക്രമമുണ്ടായത്. രാവിലെ വീട്ടുജോലിക്ക് പോവുകയായിരുന്ന തന്നെ ഇയാള്‍ പിടിച്ച് വലിച്ച് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും, വഴങ്ങാതിരുന്നതിനാല്‍ സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. എന്നാല്‍ യുവതിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായെന്ന മൊഴി പരിഗണിക്കാതെ സ്വത്ത് തര്‍ക്കത്തിന്റെ പേരിലുണ്ടായ അടിപിടിയെന്നാണ് പൊലീസ് എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. കേസില്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തതുമില്ല. കേസ് എങ്ങുമെത്തില്ലെന്ന് പൊലീസ് തന്നെ പറഞ്ഞതായും യുവതി ആരോപിക്കുന്നുണ്ട്. പരാതിയില്‍ വിശ്വാസ്യതയില്ലെന്നാണ് ഇതിന് പൊലീസ് വിശദീകരണം. യുവതിയുടെ കഴുത്തിലും നെഞ്ചിലുംകവിളിലും ഉള്ള പരിക്കുകള്‍ യുവതി സ്വയം ഉണ്ടാക്കിയതാണെന്ന് സംശയം ഉണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ യുവതി ശാരീരിക അതിക്രമത്തിനിരയായെന്ന് ആശുപത്രി രേഖകളിലുണ്ട്. ലോക്കല്‍ പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ യുവതി എസ് പിക്ക് പരാതി നല്കിയിരിക്കുകയാണിപ്പോള്.