മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഗോഹട്ടിയില്‍ നിന്നും വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കര-നാവിക-വ്യോമ സേന മേധാവികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ തന്നെ കലാമിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന് രാജാജി മാര്‍ഗിലെ വസതിയിലേയ്ക്ക് മൃതദേഹം എത്തിച്ചു.
പ്രധാനമന്ത്രിക്ക് പുറമേ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് തുടങ്ങി പ്രമുഖരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ രാജാജി മാര്‍ഗിലെ വസതിയില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കലാമിന്റെ വസതിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ജന്മനാടായ തമിഴ്നാട്ടിലെ രാമേശ്വരത്ത് അബ്ദുള്‍ കലാമിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കും. അദ്ദേഹത്തിന്റെ ബന്ധുക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അവര്‍ മൃതദേഹത്തെ അനുഗമിക്കും.ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിയായിരുന്ന കലാം തിങ്കളാഴ്ച വൈകിട്ട് മേഘാലയയിലെ ഷില്ലോംഗില്‍ ഹൃദയാഘാദത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഷില്ലോംഗിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റി(ഐഐഎം)ലെ പ്രഭാഷണത്തിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ബെഥനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.