ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് വ്യാഴാഴ്ച രാഷ്ട്രം വിടനല്‍കും. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11നാണ് ശവസംസ്കാരം. കനത്ത സുരക്ഷാവലയത്തിലമര്ന്ന രാമേശ്വരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ എത്തും. രാമേശ്വരത്ത് ബുധനാഴ്ച തീരാവേദനയോടെ മനുഷ്യസാഗരം ആര്‍ത്തലക്കുകയായിരുന്നു. ജനഹൃദയങ്ങള്‍ കീഴടക്കി അനശ്വരതയിലേക്ക് മടങ്ങിയ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം വിങ്ങലോടെ ജന്മനാട് ഏറ്റുവാങ്ങി. തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ ഭൗതികശരീരം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്. വഴികാട്ടിയും ഗുരുവും സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു ദ്വീപുകാര്‍ക്ക് കലാം. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.ബുധനാഴ്ച രാത്രി ഏറെ വൈകി കലാമിന്റെ കുടുംബവീടായ ഹൗസ് ഓഫ് കലാമില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. വ്യാഴാഴ്ച രാവിലെ തൊട്ടടുത്തുള്ള മുഹിദീന് ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്ക്കാരത്തിന് കൊണ്ടുപോകും. 11 മണിയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
രാമേശ്വരം വിങ്ങി കലാമിന് ഇന്ന് വിട
0
Share.