സോഷ്യല്‍ നെറ്റ്വര്‍ക്ക് രംഗത്ത് നാലുവര്‍ഷം മുമ്പ് തുടങ്ങിയ ഗൂഗിള്‍ പ്ലസ് പരീക്ഷണവും വേണ്ടത്ര വിജയിക്കാത്ത പശ്ചാത്തലത്തില്‍, നിലവിലുള്ള രീതിയില്‍ ആ സര്‍വീസ് തുടരേണ്ടതില്ലെന്ന് ഗൂഗിളിന്റെ തീരുമാനം. ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ് തുടങ്ങിയ ഗൂഗിളിന്റെ പഴയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സര്‍വീസുകള്‍ നേരിട്ട അതേ വിധി തന്നെയാണ് ഗൂഗിള്‍ പ്ലസ്സിനെയും കാത്തിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലസിന്റെ പ്രാധാന്യം ഗൂഗിള്‍ കുറയ്ക്കുന്നു എന്ന സൂചന ഇതിനകം പുറത്തുവന്നിരുന്നു. ഗൂഗിള്‍ ഹോംപേജിന്റെ വലത്തേ അറ്റത്ത് ഗൂഗിളിന്റെ ഐക്കണുകള്‍ ഡ്രോപ്പ്ഡൗണായി തുറക്കുന്നിടത്ത് ഗൂഗിള്‍ പ്ലസ് ഐക്കണ്‍ മുകളിലായിരുന്നു. അടുത്തയിടെ ആ ഐക്കണിന്റെ സ്ഥാനം താഴേക്ക് മാറി. മാത്രമല്ല, ഗൂഗിള്‍ പ്ലസുമായി ബന്ധിപ്പിച്ചിരുന്ന ചില പ്രധാന സര്‍വീസുകള്‍ അടുത്തയിടെ അതില്‍നിന്ന് ഗൂഗിള്‍ വേര്‍പെടുത്തുകയും ചെയ്തിരുന്നു. വേര്‍പെടുത്തല്‍ പ്രക്രിയ വരുംമാസങ്ങളിലും തുടരുമെന്ന്, ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ അറിയിച്ചു.ഗൂഗിള്‍ പ്ലസ് നെറ്റ്വര്‍ക്കിനെ വരുംമാസങ്ങളില്‍ രണ്ട് പ്രോഡക്ടുകളായി വേര്‍തിരിക്കുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്-സ്ട്രീംസ് ( Streams ), ഫോട്ടോസ് ( photos ) എന്നിങ്ങനെ. യൂസര്‍മാര്‍ക്ക് യുട്യൂബ് വീഡിയോയില്‍ കമന്റിടുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ പ്ലസ് പ്രൊഫൈല്‍ ആവശ്യമാണെന്ന സ്ഥിതിയില്‍ മാറ്റം വരും. ‘മുഴുവന്‍ ഗൂഗിള്‍ സര്‍വീസുകളും ഒറ്റ അക്കൗണ്ട് വഴി ലഭ്യമായാല്‍ ജീവിതം കൂടുതല്‍ സുഗമമാകുമെന്ന് ആളുകള്‍ ഞങ്ങളോട് പറയുമായിരുന്നു’ -ഗൂഗിള്‍ വൈസ് പ്രസിഡന്റ് ബ്രാഡ്ലി ഹോറോവിറ്റ്സ് ബ്ലോഗില്‍ പറഞ്ഞു. എന്നാല്‍, അതില്‍നിന്ന് ഗൂഗിള്‍ പിന്‍വാങ്ങുകയാണ്. യുട്യൂബ് ചാനലിനും മറ്റും സാധാരണ ഗൂഗിള്‍ അക്കൗണ്ട് മതിയെന്ന സ്ഥിതിയിലേക്ക് വരും മാസങ്ങളില്‍ കാര്യങ്ങള്‍ മാറും. ഗൂഗിള്‍ പ്ലസ് പ്രൊഫൈലില്ലെങ്കിലും മറ്റ് ഗൂഗിള്‍ സര്വീസുകളുപയോഗിക്കാം എന്ന സ്ഥിതിയുണ്ടാകും. ‘ഗൂഗിള്‍ പ്ലസ് കളക്ഷന്‍സ്’ ( Google Plus Collections ) എന്നൊരു പുതിയ ഫീച്ചര്‍ തങ്ങളുടെ സോഷ്യല്‍ നെറ്റ്വര്ക്കില് ഉള്‍പ്പെടുത്തുമെന്നും ഗൂഗിള്‍ അറിയിച്ചു. പ്രത്യേക വിഷയങ്ങളനുസരിച്ച് ക്രമീകരിച്ച പോസ്റ്റുകള്‍ വായിക്കാനും പങ്കിടാനും സഹായിക്കുന്ന ഫീച്ചറാണിത്. മാറ്റങ്ങളുടെ ഭാഗമായി, ഗൂഗിള്‍ പ്ലസിലെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ അതില്‍നിന്ന് മാറ്റി ഹാങൗട്ടിലും മറ്റ് ആപ്പുകളിലും കുടിയിരുത്തും. ഇത്തരം മാറ്റങ്ങളിലൂടെ ഗൂഗിള്‍ പ്ലസിനെ കൂടുതല്‍ ഫോക്കസ്ഡ് ആയ, ഉപയോഗപ്രദമായ, ഫലപ്രദമായ സര്‍വീസാക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഹോറോവിറ്റ്സ് അറിയിച്ചു. ഈ മാറ്റങ്ങളോടെ, ഫെയ്സ്ബുക്കിന് ബദലായ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ഗൂഗിള്‍ പ്ലസിന്റെ പദവി പ്രതീകാത്മകമായി അവസാനിക്കും.യുട്യൂബ് പോലെ ഗൂഗിളിന്റെ മറ്റ് സര്‍വീസുകള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ പ്ലസ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്, കൂടുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ പ്ലസിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ആ നീക്കം തിരിച്ചടിയായി എന്നാണ് പുതിയ മാറ്റങ്ങളില്നിന്ന് മനസിലാക്കേണ്ടത്. 2013 അവസാനം ഗൂഗിളിന്റെ കണക്ക് പ്രകാരം 30 കോടി അംഗങ്ങള്‍ ഗൂഗിള്‍ പ്ലസില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയായ ‘സ്റ്റോണ്‍ ടെംപിള്‍ കണ്‍സള്‍ട്ടിങ്’ പുറത്തുവിട്ട കണക്കു പ്രകാരം, കഴിഞ്ഞ ഏപ്രിലില്‍ 11.1 കോടി അംഗങ്ങള്‍ മാത്രമാണ് ഗൂഗിള്‍ പ്ലസിലുള്ളത്.
ഗൂഗിള്‍ പ്ലസിന് ഗൂഗിള്‍ വിടചൊല്ലുന്നു
0
Share.