ഓര്മ്മയായിട്ട് ഭരതന് 17 വര്ഷം

0

Bharat-Gopy-with-Nedumudi-Venu-Mammootty-director-Bharathan-in-Patheyam

മലയാള സിനിമയുടെ പ്രിയസംവിധായകന്‍ ഭരതന്‍ ഓര്‍മ്മയായിട്ട് 17 വര്‍ഷം. 1947 നവംബര്‍ 14ന് ജനിച്ച ഭരതന്‍ 1998 ജൂലൈ 30ന് ഓര്‍മ്മയായി.സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്. കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച അദ്ദേഹം, 1974ല്‍ പത്മരാജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തില്‍ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂര്‍വ്വമായ തന്റെ കൈപ്പട ഭരതന്‍ തെളിയിച്ചു. പിന്നീട് ഇത് ഭരതന്‍ സ്പര്‍ശം എന്ന് അറിയപ്പെട്ടു. യാഥാസ്ഥിതികരായ കേരളീയര്‍ക്ക് ഇത് തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനു കിട്ടി
ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതന്‍ പല യുഗ്മ ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന’ എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ കാല്പനിക തരംഗത്തിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്ര സംവിധായകരും ഇതേ പാത പിന്തുടര്‍ന്നു. മലയാള ചലച്ചിത്തിലെ കാല്പനിക കാലഘട്ടമായിരുന്നു എണ്‍പതുകള്‍.

images
കല കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റര്‍പീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി. തന്റെ തനതു ശൈലിയില്‍ ഈ കഥയെ വികസിപ്പിച്ച് എം.ടി. കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി. ഭരതന്‍എം.ടി. കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം ‘താഴ്വാരം’ ആണ്. രണ്ട് പഴയകാല സുഹൃത്തുക്കള്‍ക്കിടയിലെ പ്രതികാരമാണ് കഥാതന്തു. ഇങ്ങനെ ഒരു കഥ ഭരതന്റെ മറ്റുചിത്രങ്ങളില്‍ നിന്ന് വളരെ വേറിട്ടുനില്‍ക്കുന്നു.
ഭാഷ ഒരു തടസ്സമായില്ല ഭരതന്. ശിവാജി ഗണേശന്‍ കമലഹാസന്‍ എന്നിവര്‍ അച്ഛന്‍മകന്‍ ജോഡിയായി അഭിനയിക്കുന്ന തേവര്‍മകന്‍ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്‌കാരങ്ങളും നേടി.
ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തില്‍ ചെയ്ത ‘താരം വാല്‍ക്കണ്ണാടി നോക്കി’ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്.കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംഗീതസം വിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രശസ്ത സിനിമാ താരം കെപിഎസ്‌സി ലളിതയാണ് ഭാര്യ. മകന്‍ സിനിമാ താരവും സംവിധായകനുമായ സിദ്ദാര്‍ത്ഥ്. 2 ദേശീയ പുരസ്‌കാരവും 12 സംസ്ഥാന പുരസ്‌കാരവും നേടിയ മലയാളത്തിന്റെ പ്രിയ സംവിധായകന്‍1998 ജൂലൈ 30ന് മദ്രാസില്‍വച്ച് ലോകത്തോട് വിട പറഞ്ഞു.

Share.

About Author

Comments are closed.