ദുർമന്ത്രവാദിനികളെന്നു മുദ്രകുത്തി ജാർഖണ്ഡിൽ അഞ്ചു സ്ത്രീകളെ ഗ്രാമീണർ മർദിച്ചു കൊന്നു

0

ദുർമന്ത്രവാദിനികളെന്ന് ആരോപിച്ച് അഞ്ചു സ്ത്രീകളെ ജാർഖണ്ഡിൽ ഗ്രാമീണർ മർദിച്ചുകൊന്നു. രാത്രിയിൽ ഇവരുടെ വീടുകൾ ആക്രമിച്ച ക്ഷുഭിതരായ ജനക്കൂട്ടം ഇവരെ വലിച്ചിഴച്ചു പുറത്തിട്ടു മർദിച്ചു കൊന്നശേഷം മൃതദേഹങ്ങൾ ചാക്കിൽകെട്ടി ഗ്രാമത്തിനുപുറത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 45 കിലോമീറ്റർ അകലെ മന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാൻജിയ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയിലാണു സംഭവം. ഇട്ട്വാരി കാൽകോ (45) എന്ന സ്ത്രീയുടെ വീട്ടിലാണ് ജനക്കൂട്ടം ആദ്യം എത്തിയത്. ഉറക്കത്തിൽനിന്ന് ഇവരെ വിളിച്ചുണർത്തി പുറത്തുകൊണ്ടുവന്ന് വടികളും കത്തികളുമുപയോഗിച്ചു കൊലപ്പെടുത്തി. അവർ പേരുപറഞ്ഞ മറ്റു നാലുസ്ത്രീകളെയും പിന്നീട് വീടുകളിൽനിന്നു വിളിച്ചിറക്കി ഇതേപോലെ കൊല്ലുകയായിരുന്നു. ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ കൊലപാതകത്തിൽ പങ്കാളികളായതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി രഘുബർദാസ് സംഭവത്തെ അപലപിച്ചു.ദുർമന്ത്രവാദിനികളെന്നു സംശയിച്ചു സ്ത്രീകളെ വധിക്കുന്നത് ജാർഖണ്ഡിൽ തുടർക്കഥയാണ്. 2013ൽ രാജ്യത്തുണ്ടായ ഇത്തരം 160 സംഭവങ്ങളിൽ 54 എണ്ണം ഇവിടെയായിരുന്നു. ദേശീയ ക്രൈംബ്യൂറോയുടെ കണക്കനുസരിച്ച് 2000നും 2012നും ഇടയിൽ രാജ്യത്ത് 2097പേർ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 363 കേസുകൾ ജാർഖണ്ഡിലാണ്.

Share.

About Author

Comments are closed.