അര്‍ബുദരോഗത്തിന്റെ തുടര്ചികില്സകള്ക്കായ് നടനും എം.പിയുമായ ഇന്നസെന്റിനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫേസ്്ബുക്ക് പോസ്റ്റിലൂടെ ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.അര്‍ബുദരോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തുന്നുണ്ടായിരുന്നെന്നും അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനക്ക് ശേഷം തുടര്ചികില്സവേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് പോസ്റ്റ്. ഡോ. വിപി ഗംഗാധരന്റെയും എയിംസിലെ ഡോക്ടര്‍ ലളിതിന്റെയും നിര്‍ദേശപ്രകാരം ഒരു ചികില്‍സാഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. ഇക്കാരണത്താല്‍ എം.പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇക്കാലയളവില്‍ കഴിയാത്ത സാഹചര്യമുണ്ട്. ചികില്‍സ പൂര്‍ത്തിയാക്കി ഉടനെ തന്നെ പരിപാടികളില്‍ സജീവമാകാന്‍ കഴിയും. എന്നെ സ്നേഹിക്കുന്ന മുഴുവന്‍ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എം.പിയുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫിസ് സദാപ്രവര്‍ത്തന നിരതമായിരിക്കുമെന്നും ഇന്നസെന്റ് ഫേസ്്ബുക്കില്‍ കുറിച്ചു. പ്രാര്ഥനങ്ങളില് എല്ലാവരും തന്നെ ഓര്‍ക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ഇന്നസെന്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ചികിത്സയ്ക്കായി ഇന്നസെന്റ് ആശുപത്രിയിൽ
0
Share.