സംസ്ഥാനത്ത് കനത്ത മഴ; മരണം ഏഴായി; കടലില്‍ അകപ്പെട്ട 214 പേരെ രക്ഷപെടുത്തി

0

തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ അകപ്പെട്ട 214 പേരെ രക്ഷപ്പെടുത്തിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാി നടക്കുകയാണ്. മന്ത്രിമാരടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. പ്രക്ഷുബ്ദമായ കടലില്‍ അകപ്പെട്ട 60 പേരെ ജാപ്പനീസ് കപ്പലാണ് രക്ഷപ്പെടുത്തിയത്.പലരും വള്ളമുപേക്ഷിച്ച് കടലില്‍ നിന്നും കരയിലേക്കത്താന്‍ തയ്യാറാകുന്നില്ല എന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്.

കൂടുതല്‍ ഡോക്‌ടര്‍മാരേയും നഴ്‌സുമാരേയും മറ്റു ജീവനക്കാരേയും വിന്യസിച്ച് അത്യാഹിത വിഭാഗം സുസജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഐസിയുവില്‍ 2 കിടക്കകള്‍ ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ദുരിതത്തില്‍ പെട്ടു വരുന്നവര്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്. ഓഖി ചുഴലികാറ്റിനെ അതിശക്ത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തന സേനകള്‍ ലഭിക്കുന്നതിനായി കേരളം ആവശ്യമുന്നയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തിര മൂന്ന് മീറ്ററിലധികം ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴ കനത്തതോടെ കോഴിക്കോട് കാപ്പാടും കടല്‍ ഉള്‍വലിഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞതിനെത്തുടര്‍ന്ന് ബീച്ചില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കൊച്ചി ആലപ്പുഴ കൊടുങ്ങല്ലൂര്‍ പൊന്നാനി തുടങ്ങി സംസ്ഥാനത്തെ വിവിധമേഖലകളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ കടല്‍ പ്രക്ഷുബ്ദമാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇടവിട്ട ശക്തമായ മഴയും കാറ്റും ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാകുന്നതായാണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  ഇവിടെ നിരവധി കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു.കാറ്റിലും മഴയിലും ഇടുക്കി ജില്ലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 49 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാര്‍ഷിക മേഖലയില്‍ 1,80,18,900 രൂപുടെ നാശ നഷ്ടമെന്ന് പ്രാഥമിക കണക്കുകള്‍. 638 കര്‍ഷകരുടെ 218.28 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നിര്‍മാണ മേഖലയിലെ നഷ്ടം ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല

Share.

About Author

Comments are closed.