ഓഖി ഗുജറാത്ത് തീരത്തേക്ക്; കേരളത്തില് മരിച്ചവരുടെ എണ്ണം 15 ആയി

0

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും ഗുജറാത്ത് തീരത്തേക്ക് കാറ്റു നീങ്ങുന്നതായാണ് വിവരങ്ങള്‍.കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇതുവരെ 15 പേരാണ് മരിച്ചത്. ഇതില്‍ എട്ടു പേര്‍ മരിച്ചത് ഇന്നലെയാണ്.അതേസമയം, ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍ വ്യക്തമാക്കി. എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.ലഭ്യമായ സൂചനകള്‍ വിശകലനം ചെയ്ത് വ്യാഴാഴ്ച പകല്‍ 11.45നാണ് ആദ്യ ജാഗ്രതാനിര്‍ദേശം നല്‍കാനായത്. ഇതിനുമുമ്പ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശിയ ലൈല, ഹുദ്ഹുദ്, ഫൈലിന്‍ ചുഴലിക്കാറ്റുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഓഖി.

ഈ മൂന്നു ചുഴലിക്കാറ്റും നാലഞ്ചു ദിവസങ്ങള്‍ക്കുമുമ്പ് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. കൃത്യമായ ഗതി നിര്‍വചിക്കാനും അപകടമേഖല കണ്ടെത്തി ആളുകളെ ഒഴിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും മോഹപത്ര ചൂണ്ടിക്കാട്ടി.ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അതിന്റെ ആയുസ്സും അത് എവിടെ രൂപപ്പെടുന്നു എന്നതുമാണ് പ്രവചനത്തെ സ്വാധീനിക്കുന്നത്. ഓഖി രൂപംകൊണ്ടത് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ സമുദ്രത്തിലാണ്. ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയാണിത് നീങ്ങിയത്. കേവലം ഒന്നരദിവസംകൊണ്ടാണ് കേരള തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയതെന്ന് മോഹപത്ര വ്യക്തമാക്കി.ഇത് കൃത്യമായ പ്രവചനങ്ങളെ അസാധ്യമാക്കി. കിഴക്കന്‍മേഖലയില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്നത് തീരത്തുനിന്ന് വളരെ അകലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമേഖലയിലാണ്. ഇവ ചുഴലിയായി കരയിലെത്താന്‍ ഒന്നിലേറെ ദിവസമെടുക്കുമെന്നും മോഹപത്ര പറഞ്ഞു.ലഭ്യമായ സമയത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കൃത്യമായ നീക്കങ്ങളും മുന്നൊരുക്കവുമാണ് അപകടതീവ്രത കുറച്ചതെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് തലവന്റെ വാക്കുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ജാഗ്രതാനിര്‍ദേശം ലഭിച്ചതെന്ന് സംസ്ഥാന സര്‍ക്കാരും സ്ഥിരീകരിക്കുന്നു. ഇത് ചുഴലിക്കാറ്റ് മുന്നറിയിപ്പായിരുന്നില്ല.എന്നാല്‍, ഉടന്‍തന്നെ നാവികസേന, വ്യോമസേന, തീരസംരക്ഷണസേന എന്നിവയുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ തേടി. ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായി ബന്ധപ്പെട്ട് ജപ്പാന്റെ ചരക്കുകപ്പലിന്റെ സഹായത്തോടെ അറുപതോളം മീന്‍പിടിത്തക്കാരെ രക്ഷിക്കാനായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ചുഴലിക്കാറ്റിനെതുടര്‍ന്ന് മുമ്പുണ്ടായിട്ടുള്ളതിനേക്കാള്‍ വലിയ തിരമാലകളാണ് രൂപംകൊണ്ടതെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും മോഹപത്ര പറഞ്ഞു. 14 മീറ്റര്‍ ഉയരത്തിലുള്ള തിരകള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുമെങ്കിലും കേരള തമിഴ്‌നാട് തീരത്തെത്തുമ്പോള്‍ അവയുടെ ഉയരം കുറയും.

Share.

About Author

Comments are closed.