നിങ്ങൾ ഈ ആൾക്കൂട്ടക്കൊലകൾ കാണുന്നില്ലേ

0

നടൻ സിദ്ധാർഥ‌് ഭയരഹിതമായ നിലപാടുകൊണ്ടാണ് സമകാലീനരായ മറ്റ് യുവതാരങ്ങളിൽനിന്ന് വ്യത്യസ്തനാകുന്നത്. ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയാനും അതിനായി നിലകൊള്ളാനും സിദ്ധാർഥിന് അഭിനേതാവ് എന്ന ലേബൽ തടസ്സമാകുന്നില്ല. രാജ്യത്ത് പെരുകുന്ന ആൾക്കൂട്ടക്കൊലകൾക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ ട്രോൾ ആക്രമണമാണ് ഇപ്പോൾ യുവതാരത്തിനെതിരെ നടക്കുന്നത്.

ആൾക്കൂട്ടക്കൊലകൾക്ക‌് ഉത്തരവാദികളായ ബിജെപിയെ പേരെടുത്തുപറഞ്ഞാണ് സ്വന്തം ട്വിറ്ററിലൂടെ സിദ്ധാർഥ‌് വിമർശിച്ചത്. “ആൾക്കൂട്ടക്കൊലകളാണ് നിങ്ങളുടെ പൈതൃകം, ബിജെപിയും ആർഎസ്എസും വിഎച്ച്പിയും ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കണം’. സിദ്ധാർഥ‌് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചതാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചത്. ആൾവാർ ആൾക്കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ‌് റാത്തോഡിന്റെ നിലപാടുകളെ ട്വിറ്ററിലൂടെ താരം പരസ്യമായി തള്ളി. “ആൾക്കൂട്ടം ഒരു മുസ്ലിംസമുദായ അംഗത്തെ അടിച്ചുകൊല്ലുമ്പോൾ, പൊലീസ് പ്രതികളുടെ ഭാഗം ചേരുമ്പോൾ കേന്ദ്രമന്ത്രി ഇരകൾക്ക് ഒപ്പമല്ല, മിസ്റ്റർ റാത്തോഡ് വെറും ഭീരുവാകരുത്’ എന്നായിരുന്നു താരം കേന്ദ്രമന്ത്രിക്ക് ട്വിറ്ററിൽ മറുപടി കൊടുത്തത്.
രംഗ് ദേ ബസന്തിയിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട സിദ്ധാർഥ‌്, ഷങ്കറിന്റെ ബോയ്സിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ആയുധ എഴുത്ത്, കാവ്യതലൈവൻ, ജിഗർത്തണ്ട തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ. തെലുങ്കിലും മികച്ച ചിത്രങ്ങളിൽ വേഷമിട്ടു. മികച്ച പുതുതലമുറ ചിത്രങ്ങളുടെ നിർമാതാവുകൂടിയായ സിദ്ധാർഥ‌് ഗായകനായും കഴിവ് തെളിയിച്ചിട്ടുണ്ട്. കമ്മാരസംഭവത്തിലൂടെ സിദ്ധാർഥ‌് മലയാളസിനിമയിലും അരങ്ങേറി.

Share.

About Author

Comments are closed.