തമിഴകത്തിന്റെ യാത്രാമൊഴി

0

ചെന്നൈ ആയിരങ്ങളെ സാക്ഷിയാക്കി ദ്രാവിഡ സൂര്യൻ കലൈഞ്ജർ എം കരുണാനിധിക്ക‌് തമിഴകത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മറീന ബീച്ചിൽ സി എൻ അണ്ണാദുരൈ അന്ത്യവിശ്രമം കൊള്ളുന്ന സമാധിക്കടുത്ത‌് സൈന്യം നല്‍കിയ ഔദ്യോഗിക ബഹുമതികളോടെയാണ‌് സംസ‌്കാരം നടന്നത‌്. ബുധനാഴ്ച വൈകിട്ട‌് നാലിന‌് രാജാജി ഹാളിൽനിന്ന‌് ആരംഭിച്ച വിലാപയാത്ര വൈകിട്ട‌് ആറോടെ വാനന്ദ റോഡ‌്, പെരിയാർ റോഡ‌്, വാലാജാ റോഡ‌് വഴി മറീന ബീച്ചിലെത്തുമ്പോഴേക്കും പൊതുനിരത്തുകളുടെ ഇരുവശവും ജനനിബിഡമായി. വഴിനീളെ പൂക്കൾ വിതറിയും പൂമാലകൾ ചാർത്തിയുമാണ‌് വിലാപയാത്രയെ ജനങ്ങൾ സ്വീകരിച്ചത്‌. ‘തലൈവാ തിരുമ്പി വാ’(നേതാവേ തിരിച്ചു വരൂ) എന്നു അലറിവിളിക്കുന്ന ജനക്കൂട്ടമായിരുന്നു എങ്ങും.ചൊവ്വാഴ‌്ച വൈകിട്ട‌് 6.10നാണ‌് ദ്രാവിഡ രാ‌ഷ‌്ട്രീയത്തിന്റെ അവശേഷിക്കുന്ന കണ്ണികളിലൊരാളായ ഡിഎംകെ അധ്യക്ഷൻ എം കരുണാനിധി കാവേരി ആശുപത്രിയിൽ നിര്യാതനായത‌്. തുടര്‍ന്ന് ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചു. മരണവാർത്ത അറിഞ്ഞതുമുതൽ തമിഴ‌്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് ഒഴുകിയെത്തിയ ജനസഞ്ചയം തങ്ങളുടെ നേതാവിന‌് ആദരാഞ്ജലി അർപ്പിച്ചു. ബുധനാഴ‌്ച പുലർച്ചെ നാലു മുതൽ രാജാജി ഹാളിലായിരുന്നു പൊതുദർശനം.കല, സാഹിത്യം, സിനിമ, രാഷ‌്ട്രീയ മേഖലകളിൽനിന്ന‌് നൂറുകണക്കിനാളുകളാണ‌് അന്ത്യോപചാരം എത്തിയത‌്. പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവ​ഗൗഡ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ‌്നാട‌് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായി‍ഡു, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, ജി രാമകൃഷ‌്ണൻ, തമിഴ‌്നാട‌് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ‌്ണൻ, കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽഗാന്ധി, ടി കെ രംഗരാജൻ എംപി, ഫാറൂഖ‌് അബ‌്ദുള്ള, ശരത‌് പവാർ, സിപിഐ നേതാക്കളായ മുത്തരശൻ, ആർ നല്ലക്കണ്ണ‌്, ഡി രാജ, തമിഴ‌്നാട‌് കോൺഗ്രസ‌് നേതാവ‌് തിരുനാവുക്കരശ‌്, ഡിപിഐ നേതാവ‌് തിരുമാവളവൻ, പി എം നേതാക്കളായ രാമദാസ‌്, അൻപുമണി രാമദാസ‌്, വൈക്കോ, ബിജെപി സംസ്ഥാന പ്രസിഡന്റ‌് തമിഴിശൈ സൗന്ദരരാജൻ, എൽ ഗണേശൻ, ദ്രാവിഡ കഴകം നേതാവ‌് കെ വീരമണി, കോൺഗ്രസ‌് നേതാവ‌് ഉമ്മൻചാണ്ടി, സിനിമാരംഗത്തുനിന്ന‌് രജനീകാന്ത‌്, കമൽഹാസൻ, വിശാൽ, അജിത‌്, സൂര്യ, ശിവകുമാർ, വടിവേലു, കുശ‌്ബു, സ‌്നേഹ എന്നീ വന്‍നിരതന്നെ രാജാജി ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിപ്പിച്ചു. കോൺഗ്രസ‌് നേതാവ‌് സോണിയ ഗാന്ധി, നടൻ വിജയകാന്ത‌് എന്നിവർ അനുശോചന സന്ദേശമയച്ചു.സ‌്കൂൾവിദ്യാഭ്യാസംമാത്രമുള്ള കരുണാനിധിയെ തമിഴ‌്ജനത വിളിച്ചത‌് തമിഴിൻ മറ്റൊരു പേര‌് എന്നാണ‌്. തമിഴ‌് വാക്കുകൾ കൊണ്ട‌് അദ്ദേഹം ഇന്ദ്രജാലം സൃഷ്ടിച്ചു. തമിഴ‌് ഭാഷയ‌്ക്ക‌് സമാനതകളില്ലാത്ത സംഭാവനയാണ‌് കരുണാനിധി നല്‍കിയത്. ശിവാജിഗണേശൻ അഭിനയിച്ച പരാശക്തി എന്ന ഒരൊറ്റ സിനിമ മതി തമിഴിന്റെ ശക്തി കരുണാനിധി എങ്ങനെ ഉപയോഗിച്ചു എന്നറിയാൻ. തമിഴ‌്ഭാഷയുടെ വളർച്ചയ‌്ക്ക‌് അവഗണിക്കാനാവാത്ത സംഭാവന നൽകുന്നതിൽ എന്നും കലൈഞ്ജര്‍ മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ രാഷ‌്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളും പ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തി

Share.

About Author

Comments are closed.