ധനുഷിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

0

കോഴിക്കോട്ട് നടന്ന എന്‍.സി.സി. തത്സൈനിക ക്യാമ്പില്‍ വെടിയേറ്റ് മരിച്ച പ്ലസ്ടു വിദ്യാര്‍ഥി ധനുഷ്‌കൃഷ്ണയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്ന്ന അന്ത്യാഞ്ജലി. വീട്ടിലും മാലൂര്‍ എം.ടി.ഡി.എം. സ്‌കൂളിലും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പട്ടാഴി വടക്കേക്കര മണയറ മുക്കൂട്ടുമണ്‍(ശ്രീഹരി)വീട്ടില്‍ പരേതനായ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെയും പഞ്ചായത്ത് അംഗം വി.പി.രമാദേവിയുടെയും മകനായ ധനുഷ്‌കൃഷ്ണ ചൊവ്വാഴ്ചയാണ് എന്‍.സി.സി. ക്യാമ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. നെഞ്ചില്‍ വെടിയേറ്റുള്ള ധനുഷിന്റെ മരണം ഏറെ വിവാദമുയര്‍ത്തിയിരുന്നു. നടപടികള്‍ക്കുശേഷം വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാത്രി മുഴുവന്‍ കാത്തിരുന്ന വന്‍ജനാവലി ധനുഷിന്റെ ചേതനയറ്റ ശരീരത്തില്‍ ബാഷ്പാഞ്ജലിയര്‍പ്പിച്ചു. വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരുന്ന ധനുഷിന്റെ പ്രിയപ്പെട്ട വിദ്യാലയമായ മാലൂര്‍ സ്‌കൂളില്‍ രാവിലെ 8.45ന് മൃതദേഹം കൊണ്ടുവന്നപ്പോള്‍ നിലവിളികള്‍ ഉയര്‍ന്നു. തങ്ങളിലൊരാളായിരുന്ന പ്രിയപ്പെട്ടവന്റെ മൃതദേഹത്തില്‍, വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അവര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചത്എന്‍.സി.സി. ഗ്രൂപ്പിന്റെ ആദരവ് അര്‍പ്പിക്കാനായി 9.30ന് മൃതദേഹം വിലാപയാത്രയായി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കൊണ്ടുവന്നു. കേരളത്തിലെ വിവിധ ബറ്റാലിയനിലെ കമാന്‍ഡിങ് ഓഫീസര്‍മാര്‍ റീത്ത് സമര്‍പ്പിച്ചു. പത്തനംതിട്ട ബറ്റാലിയനിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും എന്‍.സി.സി. കേഡറ്റുകളും ഓഫീസര്‍മാരും ബറ്റാലിയന്‍ കേണല്‍മാരും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് 11.15ന് കോളേജില്‍നിന്ന് കുടുംബവീടായ മണയറ മുക്കൂട്ടുമണ്‍ വീട്ടില്‍ അന്ത്യയാത്രയെത്തി. മൃതദേഹത്തില്‍ വീണ് പൊട്ടിക്കരഞ്ഞ അമ്മ രമാദേവിയും സഹോദരി അപര്‍ണ്ണയും കണ്ടുനിന്നവരുടെ മിഴിനിറച്ചു.അന്ത്യചുംബനത്തിനുശേഷം ഒരുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തു.

Share.

About Author

Comments are closed.