വ്യാപാരി ദുരൂഹസാഹചര്യത്തില്‍ കടയില്‍ മരിച്ച നിലയില്

0

ബത്തേരിയിലെ സ്‌പെയര്‍പാര്‍ട്‌സ് വ്യാപാരിയെ കടയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ ഓട്ടോ സെയില്‍സ് ഉടമ മണിച്ചിറ പരത്തുള്ളി (ശ്രീഗംഗാ നിവാസ്) റെജി എന്ന രാജേഷി (50) നെയാണ് മരിച്ചനിലയില്‍ കണ്ടത്. ഷട്ടര്‍ പകുതി അടച്ച് കടയ്ക്കകത്തെ സീലിങ്ങില്‍ തൂങ്ങി നിലത്ത് മുട്ടുമടക്കിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കടയുടെ 20 മീറ്റര്‍ അകലെ നടപ്പാതയില്‍ സംഘട്ടനം നടന്നതിന്റെ തെളിവുകളുണ്ട്. ചോര കട്ടകെട്ടി കിടക്കുകയും നടപ്പാതയോടുചേര്‍ന്ന മതിലില്‍ ലോറിയുടെ ഫ്‌ലൈവീല്‍ ചോരപുരണ്ട നിലയിലും ഉണ്ട്. നടപ്പാതയുടെ തകര്‍ന്നഭാഗത്ത് കാല്‍ കുടുങ്ങിയത് വലിച്ചൂരിയതിന്റെ പാടുകാണാനുമുണ്ട്. രാജേഷിന്റെ തലയ്ക്കുപിന്നിലും നെറ്റിയിലും ഗുരുതരമായ മുറിവുകളും കൂടാതെ ശരീരത്തില്‍ പലഭാഗത്തും മുറിവുകളുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് രാജേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. രാത്രികാലങ്ങളില്‍ വാഹനമുടമകള്‍ സ്‌പെയര്‍പാര്‍ട്‌സിനുവേണ്ടി വിളിക്കാറുള്ളതിനാല്‍ വീട്ടുകാരും കാര്യമാക്കിയില്ല. നേരം പുലര്‍ന്നിട്ടും ഭര്‍ത്താവ് വരാതായതോടെ ഭാര്യ വാകേരിയിലുള്ള സഹോദരനെയും അച്ഛനെയും വിളിച്ച് വിവരം പറഞ്ഞു.ആറുമണിയോടെ വാകേരിയില്‍നിന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് പകുതി താഴ്ത്തിയ നിലയില്‍ ഷട്ടര്‍ കണ്ടത്. പരിസരത്തൊന്നും കാണാതെ വന്നതോടെ കടയ്ക്കകത്തുകയറി നോക്കിയപ്പോഴാണ് തൂങ്ങിയിരിക്കുന്ന നിലയില്‍ കണ്ടത്.
മാനന്തവാടി ഡിവൈ.എസ്.പി. പ്രേംകുമാര്‍, പുല്പള്ളി സി.ഐ. സജീബ്കുമാര്‍, എസ്.ഐ. ടി.എ. അഗസ്ത്യന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചു. ഭാര്യ: ഷീജ, മക്കള്‍: വിദ്യാര്‍ഥികളായ സച്ചിന്‍, സോനു.

Share.

About Author

Comments are closed.