വാഴച്ചാല് വനത്തിലെ കേസ് രണ്ടാം തവണയും വനപാലകര് അട്ടിമറിച്ചു

0

കാട്ടുപോത്തിനെ വേട്ടയാടിയ കേസ് രണ്ടാംവട്ടവും വനം വകുപ്പിലെ ഉദ്യോഗസ്ഥര് ചേര്ന്ന് അട്ടിമറിച്ചു. ആദ്യ അട്ടിമറിയുടെ വിവരം വനം ഇന്റലിജന്സ് വിഭാഗം റിപ്പോര്ട്ട് ചെയ്തതിനെ തുടര്ന്നാണ് വീണ്ടും അന്വേഷണം നടന്നത്. വേട്ടയാടിയ കാട്ടുപോത്ത് സ്വാഭാവികമായി ചത്തതാണെന്ന് രേഖയുണ്ടാക്കിയാണ് ഇത്തവണ കേസ് അട്ടിമറിച്ചത്.ദേവസ്സിക്കുട്ടിയുടെ സംഘം കാട്ടുപോത്തിനെ വേട്ടയാടിയത് വാഴച്ചാല് കൊല്ലത്തിരിമേട്ടില്. കേസെടുത്തത് മലയാറ്റൂര് കാരക്കാട്ട് റേഞ്ചിലും. ഈ അട്ടിമറിക്ക് വനപാലകര് അന്പതിനായിരം രൂപവാങ്ങിയെന്ന് വെളിപ്പെടുത്തിയത് മറ്റാരുമല്ല, കേസിലെ പ്രതി തന്നെ.വനം ഇന്റലിജന്സ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തതോടെ രണ്ടാംവട്ടം അന്വേഷണമായി. യഥാര്ത്ഥത്തില് വേട്ട നടന്ന കൊല്ലത്തിരി മേട്ടിലെ റേഞ്ച് ഒാഫിസര് സി. എസ്.പ്രഭുദാസനെ തന്നെ ചുമതല ഏല്പിച്ചു. എന്നിട്ടും പക്ഷെ ഫലം പഴയതുതന്നെ. കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള് പോസ്റ്റുമോര്ട്ടം ചെയ്ത മൃഗാശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്ട്ടില് ഇത് സ്വാഭാവിക മരണമായി. വെടികൊണ്ടതിന്റെയോ മറ്റോ അസ്വാഭാവികമായ ഒരടയാളവും ഇല്ലെന്നാണ് ഡോക്ടറുടേതായി കേസില് ചേര്ത്തിട്ടുള്ള ഈ രേഖയില് പറയുന്നത്.മഹസര് തയ്യാറാക്കിയാല് 24 മണിക്കൂറിനകം കോടതിയില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസ് അട്ടിമറിക്കാന് തയ്യാറാക്കിയ ഈ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടു സഹിതം കോടതിക്ക് നല്കിയത്. കേസ് വീണ്ടും അട്ടിമറിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ട ഇന്റലിജന്സ് വിഭാഗം വിശദമായ റിപ്പോര്ട്ട് തന്നെ ഉന്നത ഉദ്യോഗസ്ഥര്ക്ക് നല്കി. എന്നാല് ഇതില് ഇനിയും നടപടിയുണ്ടായിട്ടില്ല. േകസ് ആദ്യം അട്ടിമറിച്ച കാലടി റേഞ്ച് ഒാഫിസര് ഇപ്പോള് തിരുവനന്തപുരത്ത് വനം ആസ്ഥാനത്ത് സുപ്രധാന ചുമതലയിലാണ്. രണ്ടാംവട്ടവും അട്ടിമറിച്ച വാഴച്ചാല് ഡിഎഫ് ഒ സര്വീസില് നിന്ന് വിരമിക്കുകയും ചെയ്തു.

Share.

About Author

Comments are closed.