ടെക്കികളെ ആവേശത്തിലാക്കി ഫഹദും നസ്രിയയും

0

ഇൻഫോപാർക്കിലെ ടെക്കികളെ ആവേശത്തിലാക്കി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. കൊക്കൂൺ 2018ന്റെ പ്രചാരണത്തിനാണ‌് ഭാര്യയെ ചേർത്തുപിടിച്ച‌് ഫഹദ‌് ഫാസിൽ ഇൻഫോ പാർക്കിലെ വേദിയിൽ എത്തിയത‌്. കേരള പൊലീസ്, ജിടെക്, ഐടി മിഷൻ എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോർ ദി പൊലീസിങ‌് ഓഫ് സൈബർ സ്പേസ‌് (പോളിസിബ്), ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ഇസ്ര) എന്നിവ സംയുക്തമായാണ‌് കൊക്കൂണിന്റെ 11 ‐ാം പതിപ്പ‌് സംഘടിപ്പിക്കുന്നത‌്.

സൈബർ സുരക്ഷയുടെ പ്രാധാന്യമേറിവരുന്ന കാലത്തുതന്നെയാണ‌് രാജ്യാന്തര സമ്മേളനമായ കൊക്കൂണിന‌് വേണ്ടി നാടൊരുങ്ങുന്നതെന്ന‌് എറുണാകുളം റേഞ്ച് ഐജി വിജയ് സാഖറേ പറഞ്ഞു. കുറേ വർഷങ്ങൾക്ക് മുമ്പ് വീട്ടിലിരുന്ന് ഭക്ഷണം ഓഡർ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കുമായിരുന്നില്ല. സാങ്കേതിക വിദ്യ വിരൽ തുമ്പിൽ എത്തുന്ന കാലത്ത് സൈബർ സുരക്ഷ സംബന്ധിച്ച് നമ്മൾ ഏറെ ശ്രദ്ധിക്കാനുണ്ട‌്. കൊക്കൂൺ പോലെയുള്ള സെമിനാറുകൾ ഒരനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിറഞ്ഞ ഹർഷാരവത്തിനിടെ ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് കൊക്കൂണിന്റെ ടീസർ വീഡിയോ പ്രകാശനം ചെയ്തു. സൈബർ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എം പി ദിനേശ്, ജിടെക് സെക്രട്ടറി ദിനേശ് തമ്പി തുടങ്ങിയവർ സംസാരിച്ചു.

കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഒക്ടോബർ 5, 6 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. സൈബർ മേഖലയിലുള്ളവർക്ക് പുറമെ വിദ്യാർഥികൾക്കും, അധ്യാപകർക്കും പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കൊക്കൂണിൽ സൈബർ വിദഗ്ധരടക്കം രണ്ടായിരത്തോളം പേരാണ് പങ്കെടുക്കുക.

Share.

About Author

Comments are closed.