സഞ്ജീവ് ഭട്ട് എവിടെ? അറസ്റ്റിലായി രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും ഒരു വിവരവുമില്ല

0

ന്യൂഡല്‍ഹി > മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. മോഡി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ സെപ്തംബര്‍ 5നാണ് അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു കീഴ്‌കോടതി ഉത്തരവ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമാണ് ചെയ്‌തത്.കഴിഞ്ഞ 14 ദിവസമായി ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭട്ടിന്റെ ഭാര്യ ശ്വേത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചതിനുശേഷമാണ് വിഷയം ചര്‍ച്ചയായത്. ‘എന്താണ് അദ്ദേഹം ചെയ്‌ത കുറ്റമെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഇന്ത്യാക്കാരുടെ ശബ്ദമാണെന്നതു കൊണ്ടാണോ അദ്ദേഹത്തിന്റെ വായടച്ചു പിടിച്ചിരിക്കുന്നത്? കഴിഞ്ഞ 16 വര്‍ഷത്തോളമായി ഈ ശക്തികള്‍ക്കെതിരെ വിശ്രമമില്ലാതെ പോരാടുകയാണദ്ദേഹം’ ശ്വേത പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ സഞ്ജീവ്ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ അറസ്റ്റ്‌ചെയ്‌തത്. 1996ല്‍ ബനസ്‌കന്ദ എസ്പിയായിരിക്കെ അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയെന്ന ആരോപണത്തിന്റെ പേരിലാണ് വീടുകയറി കസ്റ്റഡിയിലെടുത്തത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഭട്ടിന്റെ അറസ്‌റ്റെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെ 2015ല്‍ വ്യാജ ആരോപണം ഉന്നയിച്ച് സര്‍വീസില്‍നിന്ന് നീക്കി. ഇപ്പോള്‍ അറസ്റ്റിലായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും പുറത്തുവരാതായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Share.

About Author

Comments are closed.