അങ്ങനെ ഒരു ജീവിതം സങ്കല്‍പിക്കാനാവില്ല, ഭാവിയില്‍ പൊരുത്തപ്പെട്ടാലും മനസ്സില്‍ അംഗീകരിക്കാനാവില്ല’

0

സ്ത്രീകള്‍ക്കുമാത്രമായി സിനിമയില്‍ ഒരു സംഘടന വേണമെന്ന് തോന്നുന്നില്ല. ഇന്‍ഡസ്ട്രിയില്‍ പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരിടവുമില്ല

ഒരു സെല്‍ഫ് മെയ്ഡ് വുമണ്‍ ആണ് അനുശ്രീ. ഒരു സിനിമാപശ്ചാത്തലവുമില്ലാതെ തീര്‍ത്തും സാധാരണമായ സാഹചര്യങ്ങളില്‍നിന്ന് വന്ന് വലുതും ചെറുതുമായ വേഷങ്ങളിലൂടെ ഉയര്‍ന്നുവന്ന താരം. അതുകൊണ്ടുതന്നെ ഒരു നടിയെന്ന നിലയില്‍ അനുശ്രീയുടെ യാത്ര എളുപ്പമായിരുന്നില്ല. ‘ഡയമണ്ട് നെക്ലേസി’ല്‍ ലാല്‍ ജോസ് നായികയായി അവതരിപ്പിച്ച പെണ്‍കുട്ടി. നായികവേഷങ്ങളില്‍ മാത്രമല്ല അനുശ്രീയെ പിന്നീട് കണ്ടത്. അയല്‍വീട്ടിലെ പെണ്‍കുട്ടിയായും വീട്ടമ്മയായും അതിഥിവേഷങ്ങളിലും അവര്‍ മികച്ചുനിന്നു. 2014-ല്‍ ഏഴ് ചിത്രങ്ങളിലാണ് അനുശ്രീ വേഷമിട്ടത്. അതില്‍ നായികവേഷത്തിലെത്തിയ ‘മൈ ലൈഫ് പാര്‍ട്ണറും’ കോമഡി ത്രില്ലര്‍ ‘ഇതിഹാസ’യും ഉള്‍പ്പെടും. അന്ന് അവര്‍ പറഞ്ഞു, ‘നായികവേഷങ്ങള്‍മാത്രമേ ചെയ്യൂ എന്നൊരു നിര്‍ബന്ധവുമില്ല. അങ്ങനെ ചിന്തിച്ചാല്‍ കുറച്ചുകാലം കഴിഞ്ഞാല്‍ വീട്ടിലിരിക്കേണ്ടിവരും. ചെറുതെങ്കിലും നല്ല വേഷങ്ങള്‍ചെയ്ത് കൂടുതല്‍ക്കാലം ഇവിടെ നില്‍ക്കണം എന്നാണ് ആഗ്രഹം.’ ഇന്നും അനുശ്രീ ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കരിയറിലെ ആറാംവര്‍ഷത്തില്‍ പുറത്തിറങ്ങാനിരിക്കുന്നതുള്‍പ്പെടെ ഏഴുചിത്രങ്ങളുടെ ഭാഗമാണ് ഈ താരം. മാറുന്ന കരിയറിനെയും സിനിമ മാറ്റാത്ത ജീവിതത്തെയുംപറ്റി അനുശ്രീ സംസാരിക്കുന്നു…

? കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍..

എന്റെ കുടുംബത്തില്‍നിന്ന് സിനിമയിലെത്തുന്ന ആദ്യത്തെ ആളാണ് ഞാന്‍. ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തുന്നത്. അവിടെവെച്ചാണ് ലാല്‍ ജോസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് എന്റെ ഗുരു. ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് എനിക്കെന്തെങ്കിലും ഒരു കാര്യം ചോദിക്കാനോ എന്നെ സഹായിക്കാനോ അദ്ദേഹം മാത്രമാണുണ്ടായിരുന്നത്. പിന്നീട് ചെറിയ കുറേ വേഷങ്ങള്‍ ചെയ്തു. നായികയായും സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. സാറിനോടാണ് ഏറ്റവും കൂടുതല്‍ നന്ദിയുള്ളത്. എനിക്കാദ്യമായി ഒരവസരം തന്നതിന്, തുടര്‍ന്നും എന്നെ സപ്പോര്‍ട്ട് ചെയ്തതിന്. നാട്ടിന്‍പുറത്തായതുകൊണ്ടുതന്നെ ആദ്യകാലത്ത് ഒരുപാട് വിഷമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് അനുശ്രീയുടെ കൂട്ടുകാരിയാണെന്നോ ബന്ധുവാണെന്നോ പറയാനൊന്നും അധികമാരുമുണ്ടായിട്ടില്ല. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്.

? സിനിമയുടെ ഗ്ലാമര്‍ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ലേ

സിനിമയുടെ ഇടവേളയിലെല്ലാം നാട്ടിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. നാടും വീടും ഞാന്‍ വളര്‍ന്നുവന്ന രീതിയുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതില്‍നിന്നും പരിധിയില്‍ക്കൂടുതല്‍ മുന്നോട്ടുപോയാല്‍ ആ ജീവിതം എന്നെ ശ്വാസംമുട്ടിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിളാകില്ല എന്നെനിക്കറിയാം. അതുകൊണ്ടുതന്നെ എറണാകുളത്തേക്ക് താമസം മാറാം എന്നൊരു ചിന്തപോലും വന്നിട്ടില്ല. അവിടെ സ്ഥിരതാമസം പറ്റില്ല. അച്ഛനും അമ്മയ്ക്കും എനിക്കൊപ്പം അവിടെ നില്‍ക്കാന്‍ കഴിയില്ല. അടുത്തകാലത്ത് തൃപ്പൂണിത്തുറയില്‍ ഒരു സ്ഥലം നോക്കി. എന്റെ നാടുപോലെ തോന്നിക്കുന്ന, ചുറ്റും നാലഞ്ച് അമ്പലങ്ങളൊക്കെയുള്ള നാട്ടിന്‍പുറത്തെ വീടുകള്‍പോലെ കുറച്ച് വീടുകള്‍ ചുറ്റുമുള്ള ഒരു സ്ഥലമാണ് നോക്കിയത്. അല്ലാതെ അപ്പുറത്തെ ഫ്‌ളാറ്റില്‍ ആരൊക്കെയുണ്ടെന്നുപോലും അറിയാതെ, ചുറ്റുമുള്ളവരോട് മിണ്ടാതെ, വീടിനുമുമ്പില്‍ സെക്യൂരിറ്റിയെയും നിര്‍ത്തി ഒരു ജീവിതം എനിക്ക് സങ്കല്പിക്കാനേ പറ്റില്ല. ഭാവിയില്‍ അതുമായി പൊരുത്തപ്പെടേണ്ടി വന്നേക്കാം. പക്ഷേ, അതിനെ അനുകൂലിക്കുന്ന ഒരു മനസ്സാവില്ല എന്റേത്.

? ഗ്രാമീണകഥാപാത്രങ്ങളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ

എനിക്ക് കൂടുതലും വരുന്നത് നാടന്‍കഥാപാത്രങ്ങള്‍തന്നെയാണ്. മോഡേണ്‍ കഥാപാത്രങ്ങളും എനിക്കിഷ്ടമാണ്. പക്ഷേ, എന്നെ ആളുകള്‍ കണ്ട് ഇഷ്ടപ്പെടുന്നതും വീണ്ടും തിരഞ്ഞെടുക്കുന്നതും നാടന്‍കഥാപാത്രങ്ങളിലാണ്. ഞാന്‍ രമേഷ് പിഷാരടി ചേട്ടനോട് എപ്പോഴും പറയും, ‘പഞ്ചവര്‍ണത്തത്ത’ എന്ന സിനിമയിലാണ് ഞാന്‍ കോസ്റ്റ്യൂമില്‍ അല്പം വ്യത്യസ്തത പരീക്ഷിച്ചതെന്ന്. ‘നീ എന്താന്നുവെച്ചാല് ഇട്ടോ, ലിപ്സ്റ്റിക് ഇത്തിരി അധികം ഇട്ടോളൂ’ എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. കാരണം, എന്റെ കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും അതൊന്നും ആവശ്യംവരാറില്ല. എങ്കിലും ഞാന്‍ മേക്കപ്പിട്ടുകഴിഞ്ഞ് ഓടിപ്പോയി ചോദിക്കും, ‘ലിപ്സ്റ്റിക്കിട്ടത് കുഴപ്പമില്ലല്ലോ അല്ലേ’ എന്ന്. ഇത്രയും കാലം സിനിമ ചെയ്തിട്ട് ഞാന്‍ ഒരുങ്ങിയത്, ഹെയര്‍ ഒന്ന് സ്‌റ്റൈല്‍ചെയ്തത്, മാച്ചിങ് കമ്മലിട്ടത് ഒക്കെ ആകെ ഒരു ചിത്രത്തിലാണ്, പഞ്ചവര്‍ണത്തത്ത.

? അന്യഭാഷകളിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണ്

അതിലേക്ക് ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. അവിടെ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യാനോ അല്ലെങ്കില്‍ പോര്‍ട്ട്ഫോളിയോകള്‍ചെയ്ത് അതുമായി സമീപിക്കാനോ തക്കവണ്ണം പരിചയമോ അറിവോ ഒന്നും എനിക്കില്ല. അല്ലെങ്കില്‍ അങ്ങനെ ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. കോണ്‍ഫിഡന്‍സ് കുറവുകൊണ്ടായിരിക്കാം. നല്ല ചിത്രങ്ങള്‍ വന്നാല്‍ അന്യഭാഷയിലാണെങ്കില്‍പ്പോലും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഭാഗ്യമുണ്ടെങ്കില്‍, ദൈവം അവസരം കൊണ്ടെത്തിക്കുമെങ്കില്‍ തീര്‍ച്ചയായും ചെയ്യും.

 

? മലയാളസിനിമയിലെ വനിതാസംഘടനയായ ഡബ്ല്യു.സി.സി.യില്‍ അംഗത്വമുണ്ടോ

ഇല്ല. അമ്മയില്‍ത്തന്നെ ഏതാണ്ട് രണ്ടുമാസം മുമ്പാണ് ഞാന്‍ മെമ്പര്‍ഷിപ്പ് എടുത്തത്. എനിക്കിവിടെ ഒരു പ്ലാറ്റ്ഫോം ഉറപ്പുവരുത്തിയിട്ട് അംഗത്വമെടുക്കാം എന്ന് തീരുമാനിച്ചിരിക്കയായിരുന്നു. നമുക്കെന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് പറയാനുള്ള സംഘടനയാണ്. എന്നാല്‍, സ്ത്രീകള്‍ക്കുമാത്രമായി സിനിമയില്‍ ഒരു സംഘടന വേണമെന്ന് തോന്നുന്നില്ല. ഇന്‍ഡസ്ട്രിയില്‍ പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരിടവുമില്ല. ആ സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് പ്രധാന സംഘടനയില്‍നിന്ന് അവര്‍ വിചാരിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തതുകൊണ്ടാകാം അവര്‍ അങ്ങനെ ചെയ്തത്. അവരുടെ അനുഭവങ്ങള്‍ അത്തരത്തിലായിരിക്കാം. എനിക്ക് അത്തരം പ്രശ്‌നങ്ങളുണ്ടായിട്ടില്ല. ചിലപ്പോള്‍ ഭാവിയില്‍ എന്റെ അനുഭവങ്ങള്‍ മാറുന്നതിനനുസരിച്ച് ഞാന്‍ അവരെ അനുകൂലിക്കുമായിരിക്കാം. അവരുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കട്ടെ എന്നാശംസിക്കുന്നു.

 

? ഏതുതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം

വ്യത്യസ്തമായ വേഷങ്ങള്‍ വേണം. ‘ഓട്ടോര്‍ഷ’യിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍വേണ്ടി ഓട്ടോ ഓടിക്കാന്‍ പഠിച്ചു. ഇനിയിപ്പോള്‍ ഏതുപാതിരാത്രിക്കും എത്ര കുണ്ടും കുഴിയുമുള്ള റോഡിലൂടെയും കൂളായി ഓടിച്ചുപോകാം. അത്രയും എക്‌സ്പീരിയന്‍സായി. ഇനി ഓട്ടോ ഓടിച്ചും ജീവിക്കാം എന്ന് ചുരുക്കം. എപ്പോഴെങ്കിലും ഒരു അത്ലറ്റിന്റെ വേഷം ചെയ്യണമെന്നുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്സിലുണ്ടായിരുന്നു.
രണ്ടുവര്‍ഷം തിരുവനന്തപുരത്ത് ജി.വി. രാജ സ്‌പോര്‍ട്സ് സ്‌കൂളിലാണ് പഠിച്ചത്. ഒരു അത്ലറ്റിന്റെ കഷ്ടപ്പാടുകളിലൂടെയും ട്രെയിനിങ്ങിലൂടെയും ജയപരാജയങ്ങളിലൂടെയുമെല്ലാം കടന്നുപോകുന്ന ഒരു ചിത്രത്തില്‍ ആ വേഷം അഭിനയിക്കണമെന്നുണ്ട്.

? ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നായകന്മാര്‍ ആരൊക്കെയാണ്

കുറേ ആള്‍ക്കാരുണ്ട്. ഉണ്ണി മുകുന്ദന്‍ പണ്ടുമുതലേ എനിക്ക് വലിയ ഇഷ്ടമുള്ള നായകനാണ്. ഒരു പാവം എന്നുതോന്നിക്കുന്ന ഒരാള്‍. ‘പോക്കിരിരാജ’യുടെ രണ്ടാംഭാഗം ‘മധുരരാജ’യിലൂടെ മമ്മൂക്കയുടെകൂടെ ആദ്യമായി അഭിനയിക്കാന്‍ പോകുകയാണ്. ദുല്‍ക്കര്‍, ടൊവിനോ തുടങ്ങിയവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തിട്ടില്ല. സാരമില്ല, സമയമുണ്ടല്ലോ. ഞാന്‍ ഇവിടെനിന്ന് ഉടനെയൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ല. ബിജു മേനോന്‍ നായകനാകുന്ന ‘ആനക്കള്ള’നാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

 

Share.

About Author

Comments are closed.