പറവൂര് ഭരതന് അന്തരിച്ചു

0

മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി പറവൂര്‍ ഭരതന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 86 വയസ്സായിരുന്നു. അറുപത് വര്‍ഷത്തോളം മലയാള സിനിമയുടെ ഭാഗമായിരുന്നു പറവൂര്‍ ഭരതന്‍. ഏറെ നാളായി സിനിമയില്‍ സജീവമായിരുന്നില്ല. ബ്ലാക്ക് ആന്‍റ് വൈറ്റ് കാലം മുതല്‍ പുതുമുഖ താരങ്ങള്‍ വരെയുള്ളവര്‍ക്കൊപ്പം അഭിനയിച്ച് ജീവിച്ച കലാകാരനാണ് ഇദ്ദേഹം. മലയാള സിനിമയിലെ ഏറ്റവും തലമുതിര്‍ന്ന താരമെന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമായിരുന്നു. നാടകങ്ങളിലൂടെയാണ് പറവൂര്‍ ഭരതന്‍ കലാലോകത്തേയ്ക്ക് വരുന്നത്. കെടാമംഗലം സദാനന്ദന്‍ എന്ന വിഖ്യാത കാഥികനാണ് പറവൂര്‍ ഭരതനിലെ കലാകാരനെ കണ്ടെത്തിയത്. വില്ലന്‍, സ്വഭാവ നടന്‍, ഹാസ്യ നടന്‍ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ തന്മയത്തോടെ ആടിത്തീര്‍ത്തിട്ടാണ് പറവൂര്‍ ഭരതന്‍ അരങ്ങൊഴിയുന്നത്. ചെറുതും വലുതുമായി ആയിരത്തോളം സിനിമകളില്‍ പറവൂര്‍ ഭരതന്‍ വേഷമിട്ടിട്ടുണ്ടെന്നാണ് കണക്ക്. 1951 ല്‍ പുറത്തിറങ്ങിയ ‘രക്തബന്ധം’ ആണ് ആദ്യസിനിമ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ‘ഭക്ത കുചേല’യാണ് പറവൂര്‍ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഡോക്ടര്‍ പശുപതി, ഗോഡ്ഫാദര്‍, പട്ടണ പ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, ഇന്‍ ഹരിഹര്‍ നഗര്‍, മഴവില്‍ക്കാവടി തുടങ്ങിയ ചിത്രങ്ങളില്‍ പറവൂര്‍ ഭരതന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ മലാളിയ്ക്ക്  മറക്കാനാവില്ല.

Share.

About Author

Comments are closed.