പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ സെപ്തംബര്‍ ഒന്നുവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. അര്‍ധരാത്രിയില്‍ ക്യാമ്പസില്‍ കയറിയ പൊലീസ് നടപടിയെ എതിര്‍ത്ത് രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ക്കാനാണു മോദി സര്‍ക്കാറിന്റെ ശ്രമമെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം അറസ്റ്റിനെ ന്യായീകരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയക്ടര്‍ പ്രശാന്ത് പത്രബെ ശ്രമിച്ചത്.ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രശാന്ത് പാത്റബെയുടെ പരാതിയില്‍, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിച്ചു എന്നീ കാരണം കാട്ടിയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചേര്‍ത്തായിരുന്നു അര്ദ്ധരാത്രിയോടെയുള്ള പൊലീസ് നടപടി. 17 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും 30 ഓളം കുട്ടികളുടെ പേര് എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്.കേസില്‍ ഉള്‍പ്പെട്ടവരില്‍ മൂന്ന് മലയാളികളുമുണ്ട്. പൊലീസ് ശിവജി നഗര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ സെപ്തംബര്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലീസ് നടപടിയെ ന്യായീകരിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബെ തന്നെ രംഗത്തെത്തി.വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളല്ലെന്നു രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. നിശബ്ദരാക്കുക, പുറത്താക്കുക അറസ്റ്റ് ചെയ്യുക എന്നതാണു മോദിയുടെ നല്ല ദിനങ്ങളുടെ മുദ്രാവാക്യമെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു. സീതാറാം യെച്ചൂരി, ശ്യാം ബെനഗല്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയ രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ അറസ്റ്റിനെ എതിര്‍ത്ത് രംഗത്തെത്തി.ഇതിനിടെ അറസ്റ്റിനെ അപലപിച്ച ദില്ലി മുഖ്യമന്ത്രി പൂനയിലെ വിദ്യാര്‍ഥികള്‍ക്ക് ദില്ലിയില്‍ താല്‍ക്കാലിക പഠനസൗകര്യം ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് രംഗത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ സംഘം പൂനയിലെത്തുന്നുണ്ട്.പ്രോജക്ട് പൂര്‍ത്തിയാക്കാതെ ഇപ്പോഴും ക്യാമ്പസില്‍ കഴിയുന്ന 2008 ബാച്ചിലെ 30 കുട്ടികളോട് ക്യാമ്പസ് വിട്ടുപോകാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ തയാറാകാത്ത വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഡയറക്ടറെ ഖൊരാവോ ചെയ്തു. പിന്നീടുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ അറസ്റ്റിലേക്കെത്തിച്ചിരിക്കുന്നത്.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 5വിദ്യാര്‍ഥികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
0
Share.