തിരുവനന്തപുരം – ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരത്തിന് ഡോ. വേണു തോന്നയ്ക്കല്‍ അര്‍ഹനായി.
ബാലഗോകുലത്തിന്റെ കുലഗുരുവും മലയാളത്തിന്റെ സാന്ദീപനിയുമായ കവി കുഞ്ഞുണ്ണി മാഷിന്റെ സ്മരണയ്ക്കായി ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയതാണ് കുഞ്ഞുണ്ണി പുരസ്കാരം.
പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10 ന് നല്‍കും.
ഒരു തൊടിയും പിന്നെ ഒരു കിണറും എന്ന ബാലശാസ്ത്രസാഹിത്യകൃതിക്കാണ് പുരസ്കാരം. കുട്ടികളെ പ്രകൃതിയോടു സ്നേഹപൂര്‍വ്വം അടുപ്പിക്കുന്ന ലളിതമായ, പരിസ്ഥിതി ബോധപ്രചോദനകമായ ഈ കൃതി പുരസ്കൃതമാകേണ്ടത് മാതൃകാപരമായിരിക്കും എന്നു വിലയിരുത്തി കവി പി. നാരായണക്കുറുപ്പ്, പ്രൊഫ. സി.എന്‍. പുരുഷോത്തമന് നന്പൂതിരി, ബാലസാഹിതീപ്രകാശന് ചെയര്മാന് എസ്. രമേശന്‍നായര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മെയ് 10 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രം സംസ്കൃതിഭവനില് പി. നാരായണക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ശ്രീകുമാരന്‍തന്പി പുരസ്കാരദാനം നിര്‍വ്വഹിക്കും.
സുമംഗല, സിപ്പി പള്ളിപ്പുറം, പട്ടയില്‍ പ്രഭാകരന്, പി.ഐ. ശങ്കരനാരായണന്, രാജു നാരായണസ്വാമി, സുകുമാരന്‍ പെരിയച്ചൂര്‍, ബാലന് പുതേരി, ഡോ. ബി. സന്ധ്യ ഐ.പി.എസ്. തുടങ്ങിയവരാണ് മുന്‍വര്‍ഷങ്ങളിലെ പുരസ്കാരജേതാക്കള്‍.
പത്രസമ്മേളനത്തില്‍ പി. നാരായണകുറുപ്പ്, ഡി. നാരായണശര്‍മ്മ, ടി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.