ഓണത്തിന് പ്രത്യേക വണ്ടികളില്ല

0

നഷ്ടംനികത്താന്‍ പെടാപ്പാടുപെടുന്ന കെ.എസ്.ആര്‍. ടി.സി. 1,456 ഷെ!ഡ്യൂളുകള്‍ നിര്‍ത്തലാക്കി. ജീവനക്കാരില്ലാത്തതിനാല്‍ ഓണത്തിന് കൂടുതല്‍ വണ്ടികള്‍ ഓടിക്കേണ്ടെന്നും തീരുമാനിച്ചു. പരമാവധി ഷെഡ്യൂളുകള്‍ കുറയ്ക്കാന്‍ എല്ലാ ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കി. അനുവദിക്കപ്പെട്ട ഷെ!ഡ്യൂളുകളില്‍ ശരാശരി 70 ശതമാനം ഓടിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.കെ.എസ്.ആര്‍.ടി.സി. മേഖലാ ഓഫീസുകളില്‍നിന്നാണ് എ.ടി.ഒ. മാര്‍ക്കും ഡി.ടി.ഒ. മാര്‍ക്കും ഉത്തരവ് കിട്ടിയത്. കട്ടപ്പുറത്തുള്ള വണ്ടികള്‍ നന്നാക്കിയെടുക്കാന്‍ സാധിക്കയും ഒപ്പം സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍മാത്രം അധിക ഷെഡ്യൂളുകള്‍ ഓടിച്ചാല്‍ മതിയെന്നാണ് കോര്‍പറേഷന്റെ നിലപാട്. കോര്‍പറേഷന്റെ 850 ല്‍പ്പരം ബസ്സുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. ഓരോ ഡിപ്പോയിലും ശരാശരി പത്ത് ബസ്സുകള്‍വീതമാണ് കട്ടപ്പുറത്തുള്ളത്. ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവ ലഭിക്കാത്തതാണ് കാരണം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ നൂറോളം ബസ്സുകള്‍ ഷെഡ്ഡില്‍ കിടക്കുന്നുണ്ട്. നിര്‍ത്തലാക്കുന്ന സര്‍വീസുകള്‍ ലാഭകരമല്ലാത്ത റൂട്ടുകളിലായിരിക്കണമെന്നും രേഖാമൂലമുള്ള നിര്‍ദേശമുണ്ട്. എന്നാല്‍, ഏത് റൂട്ടിലെ ബസ്സാണോ കട്ടപ്പുറത്താകുന്നത് ലാഭനഷ്ടങ്ങള്‍ നോക്കാതെ ആ റൂട്ടിലെ സര്‍വീസ് നിര്‍ത്തി വെക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി.ക്ക് മൊത്തമുള്ള 5,456 ഷെഡ്യൂളുകളില്‍ 4,500 മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയുള്ള സര്‍വീസുകള്‍ ഇത്രമാത്രമായി നിജപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഷെഡ്യൂളുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 94 ഡിപ്പോകള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കി. പാലക്കാട് ഡിപ്പോയില്‍ െമാത്തമുള്ള 101 ഷെഡ്യൂളില്‍ 71 എണ്ണം മതിയെന്നാണ് ഉന്നതതലത്തില്‍നിന്ന് അറിയിച്ചിരിക്കുന്നത്. ഇവിടെമാത്രം 16 ബസ്സുകള്‍ കട്ടപ്പുറത്താണ്. കാസര്‍കോട് 99 ഷെഡ്യൂളുകളില്‍ 75 എണ്ണമാണ് ഇപ്പോഴുള്ളത്. കണ്ണൂരില്‍ 120 ഷെഡ്യൂളില്‍ 85ഉം മലപ്പുറത്ത് 75ല്‍ 53ഉം തൃശ്ശൂരില്‍ 94ല്‍ 60ഉം ആണ് നിലവിലുള്ളത്. ഈ സ്ഥിതി തുടരാനാണ്‌ േമഖലാ ഓഫീസില്‍നിന്നുള്ള നിര്‍ദേശം.സ്‌പെയര്‍ പാര്‍ട്‌സും ടയറുമില്ലാതെ ബസ്സുകള്‍ കട്ടപ്പുറത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷത്തോളമായി. ശമ്പളക്കുറവിനാല്‍ താത്കാലിക ജീവനക്കാര്‍ ജോലിയുപേക്ഷിച്ച് പോവുകയാണ്. എട്ടുമണിക്കൂര്‍ ജോലിക്ക് ഡ്രൈവര്‍ക്ക് 380 രൂപയും കണ്ടക്ടര്‍ക്ക് 360രൂപയുമാണ് വേതനം. ജോലിസമയത്തിന് ഒരുമണിക്കൂര്‍മുമ്പ് എത്തുകയും വേണം. കൂലിപ്പണിക്കാര്‍ക്കുപോലും ഇതിലേറെ കൂലിയുള്ളപ്പോഴും വേതനം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പല താത്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സി. വിടുന്നത്. ജോലിക്കാര്‍ ഇല്ലാതാകുന്‌പോള്‍ ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി തടിതപ്പുകയാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍.

Share.

About Author

Comments are closed.