പിസി ജോര്‍ജ്ജിനെ ഇതുവരെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയിട്ടില്ല. സസ്പെന്ഷന് തുടരുകയാണ്. ജോര്‍ജ്ജും മാണിയും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്ത കാലത്തൊന്നും അവസാനിയ്ക്കുമെന്ന് തോന്നുന്നില്ല. അതിനിടെയാണ് രണ്ട് പേരും ഒരു വേദിയില്‍ എത്തിയത്.
പാല തിടനാട്ടിലാണ് സംഭവം. മന്ത്രിമാരായ കെഎം മാണി, പിജെ ജോസഫ് എന്നിവരും ആന്റോ ആന്റണി എംപിയും ആണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രസംഗത്തിനിടെ പിസി ജോര്‍ജ്ജ് കെഎം മാണിയെ വിമര്‍ശിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് ആണ് ജോര്‍ജ്ജിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം ഒടുവില്‍ ഉന്തും തള്ളും ആയി. പിസി ജോര്‍ജ്ജ് പ്രസംഗിച്ചിരുന്ന മൈക്ക് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഉന്തിനും തള്ളിനും ഇടയില്‍ പിസി ജോര്‍ജ്ജിന്റെ പിഎ ബെന്നിയ്ക്ക് പരിക്കേറ്റു. താന്‍ പ്രകോപനപരമായിട്ടൊന്നും സംസാരിച്ചിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ കെഎം മാണി ഇടപെടണം എന്ന് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. പിസി ജോര്‍ജ്ജിന്റെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് ജോര്‍ജ്ജിനെ നേരത്തെ അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.