തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. ജീപ്പ് ഒാടിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജു അടക്കം പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് അന്വേഷണം. വിദ്യാര്‍ഥിനിയുടെ മൃതദേഹം തിരുവനന്തപുരം െമഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സി.ഇ.ടി ക്യാംപസിലേക്ക് കൊണ്ടുപോയി. ക്യാംപസിലെ അതിരുവിട്ട ഓണാഘോഷം ഒടുവില്‍ വിദ്യാര്‍ഥിനിയുടെ ജീവനെടുത്തു. ജീപ്പിടിച്ച് ഗുരുതരപരുക്കേറ്റ് ചികില്‍സയിലായിരുന്ന സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മലപ്പുറം നിലന്പൂര്‍ സ്വദേശിനി തെസ്നി ബഷീര്‍ ഇന്നലെ രാത്രി 11.15ഓടെയാണ് മരിച്ചത്. തലച്ചോറിനുളളില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മൂന്നുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും വിദ്യാര്‍ഥിനിയെ രക്ഷിക്കാനായില്ല. രാവിലെ കണ്ട്രോള് റൂം സി.ഐയുടെ നേതൃത്വത്തില്‍ സ്വകാര്യആശുപത്രിയില്‍ വച്ചുതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുെടയും നീണ്ടനിര കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ മലപ്പുറം നിലന്പൂരിലേക്ക് മൃതദേഹം കൊണ്ടുപോയി. നാളെ രാവിലെ മണിമൂളി പളളിയിലാണ് മൃതദേഹം കബറടക്കുക. അതേസമയം, സംഭവത്തില്‍ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ബൈജുവടക്കം പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.