ലോട്ടറിയുടെ പേരിൽ മാർട്ടിന്റെ കമ്പനി നേടിയത് 22,000 കോടി

0

∙ സിക്കിംലോട്ടറി വിൽപനയിലൂടെ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽനിന്ന് അഞ്ചുവർഷം കൊണ്ട് സാന്റിയാഗോ മാർട്ടിന്റെ കമ്പനി നേടിയത് 22,000 കോടിയിലേറെ രൂപ; എന്നാൽ, ഇതേ കാലയളവിൽ സിക്കിം സർക്കാരിന്റെ അക്കൗണ്ടിൽ എത്തിയതു വെറും 354 കോടി രൂപ. ഇക്കാലയളവിൽ സിക്കിം ലോട്ടറിയുടെ പേരിൽ കേരളത്തിൽ കോടികളുടെ വെട്ടിപ്പുനടന്നതായി സിബിഐയും കേന്ദ്രസർക്കാരിനെ അറിയിച്ചു.കേരളത്തിൽ സിക്കിം ലോട്ടറി വിൽപനനടത്താൻ അനുവദിക്കണമെന്നു സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നിവേദനം നൽകിയപ്പോഴാണ് അഞ്ചുവർഷത്തെ കണക്കുകൾ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സിക്കിം സർക്കാരിനോട് ആവശ്യപ്പെട്ടത്. കേരളം, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ബംഗാൾ, സിക്കിം എന്നിവടങ്ങളിൽ 2010 മുതൽ 2014 വരെ ലോട്ടറിവിൽപന നടത്തിയതിന്റെ കണക്കുകൾ സിക്കിം ഹാജരാക്കി. അതു പരിശോധിച്ചപ്പോഴാണ് ലോട്ടറി അച്ചടിയിലും വിൽപനയിലും കോടികളുടെ വെട്ടിപ്പു കേന്ദ്രത്തിനു ബോധ്യപ്പെട്ടത്.കേരളത്തിൽ നിലവിലെ സിബിഐ കേസുകളുടെ അവസാനതീർപ്പു വരുന്നതുവരെ സിക്കിം ലോട്ടറി വിൽപന നിരോധിച്ചു രണ്ടുമാസം മുൻപു പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ തട്ടിപ്പ് അക്കമിട്ടു നിരത്തി.സിക്കിം സർക്കാരിന്റെ കണക്കുപ്രകാരം കഴിഞ്ഞ അഞ്ചുവർഷം ലോട്ടറി നടത്തിപ്പിലൂടെ ഖജനാവിൽ എത്തിയതു 354.46 കോടി രൂപ. അതേസമയം വിറ്റഴിച്ച ടിക്കറ്റുകളുടെ ആകെ വില 22,487.02 കോടി രൂപ. ഇതിൽനിന്നു വ്യക്തമാകുന്നത് 22,000 കോടി രൂപയിലേറെ വിതരണക്കാരുടെ കൈകളിലെത്തിയെന്നാണ്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമപ്രകാരം സിക്കിം സർക്കാരാണു ടിക്കറ്റിന്റെ സമ്മാനവും വിതരണക്കാരുടെ കമ്മിഷനും നൽകേണ്ടത്. എന്നാൽ വിതരണക്കാരുടെ കൈവശം എത്ര തുകയുണ്ടെന്നും സിക്കിം സർക്കാരിനു കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അതിനാൽ സിക്കിം സർക്കാർ കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചതായി കേന്ദ്ര സർക്കാർ കണ്ടെത്തി.

Share.

About Author

Comments are closed.