വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലൂടെയാണു ശ്രീറാമിന്റെ തിരിച്ചുവരവ്. നാലു ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതു നിത്യ മേനോനാണ്
ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകരിൽ ഒരാളെന്ന വിശേഷണത്തിന് അർഹനാണു പി. സി. ശ്രീറാം. മലയാളത്തിൽ കൂടും തേടി പോലുള്ള സിനിമകൾ ചെയ്ത ശ്രീറാമിന്റെ സപര്യ ഭാഷയുടെ അതിർവരമ്പുകൾ കടന്നും യാത്ര ചെയ്യുകയായിരുന്നു. ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം ശ്രീറാം തിരിച്ചെത്തുന്നു. വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലൂടെയാണു ശ്രീറാമിന്റെ തിരിച്ചുവരവ്. നാലു ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതു നിത്യ മേനോനാണ്. പ്രാണയുടെ വിശേഷങ്ങളുമായി പി. സി. ശ്രീറാം
തയാറെടുപ്പുകൾ
ഛായാഗ്രഹണത്തിനായി പ്രത്യേക തയാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. നിത്യ മേനോൻ മാത്രമാണു തയാറെടുപ്പുകൾ നടത്തിയത്. കാരണം ഒറ്റക്കഥാപാത്രം മാത്രമെ ചിത്രത്തിൽ ഉള്ളൂ. ചിത്രീകരണത്തിനായി ഒരുപാടു സമയം ചെലവഴിക്കാൻ സാധിക്കുമായിരുന്നില്ല. പരിമിതമായ ബജറ്റിൽ ഒരുക്കുന്ന സിനിമയാണ്. ഈ കഥാപാത്രമായി മാറാൻ നിത്യ മേനോൻ ധാരാളം ഹോംവർക്കും പഠനവും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ നാലു ഭാഷകളിലും മനോഹരമായി ചെയ്യാൻ നിത്യയ്ക്കു കഴിഞ്ഞു.
മലയാളം
ഭരതൻ, പ്രിയദർശൻ തുടങ്ങിയവർക്കൊപ്പമൊക്കെ വർക്ക് ചെയ്യാൻ കഴിഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾ ഒരിക്കലും സിനിമാമേഖലയിലൊരു പ്രശ്നമല്ല. എനിക്കു കശ്മീരിൽ നിന്നും കേരളത്തിൽ നിന്നും അസിസ്റ്റന്റുമാരുണ്ട്. ഭാവിയിൽ കൂടുതൽ മലയാളം ചിത്രങ്ങൾ ചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
മണിരത്നത്തിനൊപ്പം
മണിരത്നവും ഞാനും ഒരുമിച്ചു ധാരാളം ചിത്രങ്ങൾ ചെയ്തു. ഒരു ബ്രേക്കിനു വേണ്ടി നോക്കിയിരുന്നു. അതു സാധ്യമായതു പല്ലവി അനുപല്ലവി എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ ചിത്രത്തിൽ എനിക്കു ചെയ്യാൻ സാധിച്ചില്ല. ആ സമയത്ത് ഫാസിലിന്റെ നോക്കെത്താ ദൂരത്തിൽ സഹകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് മൗനരാഗത്തിലാണ് ഒരുമിക്കാൻ കഴിഞ്ഞത്. അതു ഹിറ്റായി മാറി. പിന്നീട് ഞങ്ങൾ ഒരുമിച്ച് ധാരാളം ചിത്രങ്ങൾ ചെയ്തു. പിന്നീട് ഒരു ഇടവേളയെടുത്തു. അതിനുശേഷം വർഷങ്ങൾക്കിപ്പുറം ഒക്കെ കൺമണി എന്ന ചിത്രം ചെയ്തു. എല്ലാ നല്ല ബന്ധത്തിലും ചെറിയൊരു ഇടവേള എടുക്കണം എന്നാണു വിശ്വസിക്കുന്നത്. എപ്പോഴും പുതിയ ആളുകൾക്കൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കണം.
പേനയുള്ളവർക്കെല്ലാം എഴുത്തുകാനാകാനാവില്ല
എല്ലാവരുടേയും കൈയിൽ മൊബൈൽ ഫോണുണ്ട്, ക്യാമറയുണ്ട്. പണ്ടു പേന വിപണിയിൽ എത്തിയപ്പോൾ എല്ലാവർക്കും എഴുതാൻ കഴിയും എന്ന അവസ്ഥ വന്നു. പക്ഷേ എല്ലാവർക്കും എഴുത്തുകാരനാവാൻ കഴിയില്ലല്ലോ. അതുപോലെ തന്നെയാണു മൊബൈൽ ഫോണിന്റെ കാര്യങ്ങളും. കല വ്യത്യസ്തമായ രീതിയലാണു നിലനിൽക്കുന്നത്. എന്നാൽ ഇപ്പോൾ പ്രതീക്ഷകൾ വളരെ വലുതാണ്. സ്ക്രീനിൽ നിന്നു ഒരുപാടു കാര്യങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ സിനിമകൾ
ബാൽക്കിയുടെ ഹിന്ദി ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. മലയാളത്തിൽ വി. കെ പ്രകാശിന്റെ മറ്റൊരു സിനിമയും ചെയ്യുന്നുണ്ട്.