അനക്കോണ്ടകൾ ഇന്നലെ മുതൽ ശീതീകരിച്ച മുറിയിൽ

0

മൃഗശാലയിലെ അനക്കോണ്ടകൾ ഇന്നലെ മുതൽ ശീതീകരിച്ച മുറിയിൽ താമസം തുടങ്ങി. തലസ്ഥാന മൃഗശാലയിലെ ഏറ്റവും വലിയ ആകർഷകങ്ങളിലൊന്നായ അനക്കോണ്ടകൾക്കുവേണ്ടി പണിത പുതിയ കൂടിന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിർവഹിച്ചു.2,16,16,491 കോടി രൂപ ചെലവാക്കിയാണ് പുതിയ ശീതീകരിച്ച പാമ്പിൻകൂട് പണിതത്. പഴയ കൂടുകളിലെ സ്ഥലപരിമിതി, പാമ്പുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമില്ലായ്മ എന്നിവയാണ് പുതിയ കൂട് നിർമിക്കാൻ കാരണം. നിലവിൽ പണികഴിപ്പിച്ചിട്ടുള്ള എസി കെട്ടിടത്തിൽ അനക്കോണ്ടകളും ഒരു രാജവെമ്പാലയും മാത്രമാണ് താമസക്കാർ. ഇതിനോടു ചേർന്നുള്ള മറ്റു ചെറുകൂടുകളിൽ മറ്റിനം പാമ്പുകളെയും പാർപ്പിക്കുംഅനക്കോണ്ടകളുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് കൂടുകളുടെ വലിപ്പം കൂട്ടുകയോ വലിയ കൂടുകൾ നിർമിക്കുകയോ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. 2014 ഏപ്രിൽ 10 നാണ് ശ്രീലങ്കയിൽ നിന്ന് അനക്കോണ്ടകളെ തലസ്ഥാന മൃഗശാലയിൽ എത്തിച്ചത്. അന്നു തീരെ വലിപ്പം കുറഞ്ഞവയായിരുന്നു അവ. ഒരു വർഷവും നാലു മാസവും കഴിഞ്ഞപ്പോൾ അവയുടെ വളർച്ച അദ്ഭുതപ്പെടുത്തുന്നതായി. സിനിമകളിൽ കാണുന്ന അനക്കോണ്ടയെ അനുസ്മരിപ്പിക്കും വിധമാകാൻ ഏതാനും വർഷങ്ങൾ മതിയാകുമെന്ന് അധികൃതർ പറഞ്ഞു.
നാലു വർഷം മുൻപ് പ്രതിവർഷം ഒരു കോടിയിൽ താഴെ വരുമാനമുണ്ടായിരുന്ന മൃഗശലായയിൽ അനക്കോണ്ടകൾ എത്തിയതോടെ വരുമാനം ആറു കോടിയിലേറെയാണ്. ബി. ജോസഫ് ഡയറക്ടറായിരുന്ന കഴിഞ്ഞ ഓണക്കാലത്ത് റെക്കോർഡ് കലക്ഷനാണ് മൃഗശാല നേടിയത്. അനക്കോണ്ടകളെ മാത്രം കാണാനായി പ്രത്യേകം ക്യൂ സംവിധാനം ഏർപ്പെടുത്തിയിരുന്നു. അനക്കോണ്ടകളും വെള്ളക്കടുവകളും ഉൾപ്പെടെയുള്ളവയെ കാണാനായി ഈ ഒണക്കാലത്തും കൂടുതൽ സന്ദർശകർ എത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ വേണ്ട സജീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.കെ. ജയലക്ഷ്മി മൃഗശാലാവകുപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദേശികൾക്കും സ്വദേശികൾക്കും മ്യൂസിയം മൃഗശാല വകുപ്പ് സംബന്ധമായ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1,40,480 ലക്ഷം രൂപയാണ് ചെലവ്. തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ഉപകേന്ദ്രങ്ങളായ തൃശൂർ മൃഗശാലയുടെയും, കോഴിക്കോട് കൃഷ്ണ മേനോൻ മ്യൂസിയത്തിന്റെയും വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷാ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് കെൽട്രോൺ ആണ്.
കെ. മുരളീധരൻ എംഎൽഎ അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ലീലാമ്മ ഐസക്, സാംസ്ക്കാരിക സെക്രട്ടറി റാണിജോർജ്, മൃഗശാലാ ഡയറക്ടർ കെ. ഗംഗാധരൻ, കെൽട്രോൺ ജനറൽ മാനേജർ എ. ഷാജി, മൃഗശാലാ സൂപ്രണ്ട് സദാശിവൻ പിള്ള എന്നിവർ പങ്കെടുത്തു

Share.

About Author

Comments are closed.