ഇന്ത്യൻ വാര്ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു

0

ചെന്നൈ∙ ഇന്ത്യയുടെ ഏറ്റവും പുതിയ വാര്ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്- 6 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്നിന്ന് ജിഎസ്എല്വി ഡി ആറിലായിരുന്നു വിക്ഷേപണം. 29 മണിക്കൂര് നീണ്ട കൗണ്ട്ഡൗണിനൊടുവില് കൃത്യം 4.52ന് ജി സാറ്റ് ആറിനെയും വഹിച്ച് ജഎസ്എല്വി ഡി ആറ് ബഹിരാകാശത്തേക്കു കുതിച്ചു. 20 മിനിട്ടുകൾക്കൊടുവിൽ വിക്ഷേപണം വിജയകരമെന്ന സന്ദേശമെത്തി.
2,117 കിലോഗ്രാമാണ് ജിസാറ്റ് ആറിന്റെ ഭാരം. അതിനാലാണ് വിക്ഷേപണ വാഹനമായി ജിഎസ്എല്വിയെ തിരഞ്ഞെടുത്തത്. അന്തിമ ഘട്ടത്തില് ക്രയോജനിക് എന്ജിനാണ് ജിഎസ്എല്വി ഡി ആറ് ഉപയോഗിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്ജിനില് ദ്രവീകൃത ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനം. ആറു മീറ്റര് വ്യാസമുള്ള ആന്റിനയാണ് ജിസാറ്റ് ആറിന്റെ മുഖ്യ സവിശേഷത. ഒമ്പതു വര്ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്.
വാര്ത്താവിനിമയ രംഗത്ത് നിലവില് രാജ്യം വളരെ പിന്നിലാണ്. ആവശ്യമായ 400 ട്രാന്സ്പോണ്ടറുകള്ക്ക് പകരം 150 എണ്ണം മാത്രമാണ് ഉള്ളത്. ബാക്കിയെല്ലാം വിദേശ രാജ്യങ്ങളില് നിന്ന് കടം കൊണ്ടവയാണ്. ഭാരം കൂടിയ ജി സാറ്റ്-6 കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ രാജ്യത്തിന്റെ വാര്ത്താവിനിമയ രംഗത്തു വന് കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് ഐഎസ്ആര്ഒയുടെ കണക്ക് കൂട്ടല്

Share.

About Author

Comments are closed.