സാനിയ മിർസയ്ക്ക് ഖേൽരത്ന പുരസ്കാരം സമ്മാനിച്ചു

0

ന്യൂഡൽഹി∙ രാജ്യത്തെ ഉയർന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ടെന്നിസ് താരം സാനിയ മിർസയ്ക്ക് സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് സാനിയയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. സാനിയയ്ക്കൊപ്പം അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് അവാർഡ് ജേതാക്കൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാളികളായ അര്ജുന അവാര്ഡ് ജേതാവ് പി.ആര്. ശ്രീജേഷും വോളിബോള് രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ധ്യാന്ചന്ദ് പുരസ്കാരം നേടിയ ടിപിപി നായരും ചടങ്ങില് പുരസ്കാരങ്ങള് ഏറ്റുവാങ്ങി. കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാളുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വര്ണാഭമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സാനിയയ്ക്ക് മെഡലും, സർട്ടിഫിക്കറ്റും, 7.5 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. അർജുന അവാർഡ് ജേതാക്കൾക്ക് ശിൽപവും സർട്ടിഫിക്കറ്റും 5 ലക്ഷം രൂപയും ലഭിക്കും. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖേൽരത്ന പുരസ്കാരം വിതരണം ചെയ്യുന്നത്. സാധാരണയായി വ്യത്യസ്ത കായിക വിഭാഗങ്ങളിൽ കഴിവുതെളിയിക്കുന്ന 15 താരങ്ങൾക്കാണ് അർജുന അവാർഡ് നൽകുന്നതെങ്കിലും ഇത്തവണ 17 പേർക്കാണ് പുരസ്കാരം ലഭിച്ചത്. നേരത്തെ, സാനിയ മിർസയ്ക്ക് ഖേൽരത്ന പുരസ്കാരം നൽകാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള ശുപാർശയ്ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. തുടർന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.

Share.

About Author

Comments are closed.