ലണ്ടൻ∙ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിര ക്ലബുകളുടെ കഷ്ടകാലം തുടരുന്നു. ഇന്നു നടന്ന മൽസരങ്ങളിൽ നിലവിലെ ചാംപ്യൻമാരായ ചെൽസി ക്രിസ്റ്റൽ പാലസിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചാംപ്യൻ ക്ലബിനെതിരെ ക്രിസ്റ്റൽ പാലസിന്റെ വിജയം. ലീഗിലെ മറ്റൊരു മൽസരത്തിൽ പ്രമുഖ ക്ലബായ ലിവർപൂൾ താരതമ്യേന ദുർബലരായ വെസ്റ്റ്ഹാം യുണൈറ്റഡിനോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റു.
ഇന്നത്തെ ആദ്യ മൽസരത്തിൽ ആർസനൽ സെൽഫ് ഗോളിന്റെ ബലത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഫാബ്രിസിയോ കൊളോച്ചിനിയുടെ സെൽഫ് ഗോളിന്റെ ബലത്തിലായിരുന്നു ആർസനലിന്റെ രക്ഷപ്പെടൽ. മറ്റൊരു പ്രമുഖ ക്ലബായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ദുർബലരായ വാറ്റ്ഫോർഡിനെ തകർത്തു. സ്റ്റെർലിങ്, ഫെർണാണ്ടീഞ്ഞോ എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ.ലീഗിൽ ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ഉഴറുന്ന ചെൽസിക്ക് ക്രിസ്റ്റൽ പാലസിനെതിരെയും തോൽക്കാനായിരുന്നു വിധി. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൽസരത്തിലെ മൂന്നു ഗോളുകളും. ക്രിസ്റ്റൽ പാലസിനായി ബകാരി സാകോ (65), ജോയൽ വാർഡ് (81) എന്നിവർ ഗോളുകൾ നേടിയപ്പോൾ കൊളംബിയൻ താരം ഫാൽക്കാവോയുടെ (79) വകയായിരുന്നു ചെൽസിയുടെ ആശ്വാസ ഗോൾ.
വെസ്റ്റ്ഹാമിനെതിരെ പൊരുതാൻ പോലുമാകാതെ കീഴടങ്ങാനായിരുന്നു ലിവർപൂളിന്റെ വിധി. മൂന്നാം മിനിറ്റിൽത്തന്നെ ലാൻസിനിയിലൂടെ മുന്നിൽകയറിയ വെസ്റ്റ്ഹാം യുണൈറ്റഡ് മുന്‍തൂക്കം കളിയിലുടനീളം നിലനിർത്തിയാണ് വിജയം കണ്ടത്. നോബിൾ (29), സാകോ (90) എന്നിവരായിരുന്നു വെസ്റ്റ്ഹാമിന്റെ മറ്റു സ്കോറർമാര്‍.
ചെൽസിക്ക് ക്രിസ്റ്റൽ ഷോക്ക്; ലിവർപൂളിനെ തകർത്ത് വെസ്റ്റ്ഹാം
0
Share.