ശങ്കരനാരായണക്ഷേത്രത്തില്‍ തിരുത്സവം

0

തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഒരു മേജര്‍ക്ഷേത്രമാണ് നാവായിക്കുളം ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്ര.   ആയ്, ചേരന്‍, വേണാട്, ദേശിംഗനാട്, കായംകുളം, തിരുവിതാംകൂര്‍ തുടങ്ങിയ പൗരാണിക രാജവംശങ്ങളിലൂടെ കടന്നുവന്ന ഈ ക്ഷേത്ര പഴമയ്ക്ക് പിന്നില്‍ അതിവിശേഷമായ ഒട്ടനവധി ഐതിഹ്യങ്ങളും ചരിത്രവസ്തുതകളും ഉണ്ട്. ക്ഷേത്രത്തില്‍ മലയാണ്മ ഭാഷയില്‍ വട്ടെഴുത്ത് ലിപിയില്‍ കാണുന്ന രേഖപ്പെടുത്തലുകളില്‍ നിന്നും ക്ഷേത്രപഴമയും പൈതൃകവും വെളിവാകുന്നു.

ശ്രീ ശങ്കരന്‍റെ കാലഘട്ടം ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെടുത്തുന്നതില്‍ ശക്തമായ തെളിവുകള്‍ ഉണ്ട്. ശൈവരും വൈഷ്ണവരും തമ്മില്‍ ശക്തമായ ചേരിതിരിവ് ഉണ്ടായിരുന്ന കാലഘട്ടങ്ങളാണ് എട്ടാം നൂറ്റാണ്ടും ഒന്‍പതാം നൂറ്റാണ്ടും ശൈവരും വൈഷ്ണവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്പോള്‍ ഒക്കെ ശിവനും വിഷ്ണുവും യോജിച്ച് ഒന്നായ പ്രതിഷ്ഠ എന്ന സമവായം പലപ്പോഴും ഫലം കണ്ടിരുന്നു എന്നും ശ്രീ ശങ്കരാചാര്യര്‍ തന്നെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഇങ്ങനെ ഒരു സങ്കല്‍പ്പത്തിന് പ്രാമുഖ്യം കൊടുത്തിരുന്നു എന്നും അങ്ങനെ ശ്രീ ശങ്കരനാരായണ പ്രതിഷ്ഠ ഇവിടെ ഉണ്ടായി എന്നും പറയപ്പെടുന്നു.  മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. ശങ്കരനെയും നാരായണനെയും ഒരുമിച്ച് ഒരു വിഗ്രഹത്തില്‍ തന്നെ സംയോജിപ്പിച്ച് ആറടിയോളം ഉയരമുള്ള അത്യപൂര്‍വ്വ പ്രതിഷ്ഠയാണിത്.

2015 മേയ് 13-ാം തീയതി രാവിലെ 9 ന് മേല്‍ 10 നകം കാഞ്ചി കാമകോടി പീഠാധിപതി പൂജ്യശ്രീ ജയേന്ദ്രസരസ്വതി സ്വാമികള്‍ മഹാകുംഭാഭിഷേകം നിര്‍വ്വഹിക്കുന്നു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തന്പുരാട്ടി ശ്രീകോവില്‍ – മണ്ഡപം ഭദ്രദീപം കൊളുത്തി സമര്‍പ്പിക്കുന്നു.  തുടര്‍ന്നു നടക്കുന്ന സമര്‍പ്പണ പൊതുയോഗം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍നായര്‍ ഉത്ഘാടനം ചെയ്യും. മെന്പര്‍ സുബാഷ് ബാസു അദ്ധ്യക്ഷത വഹിക്കും. മെന്പര്‍ പി.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ശ്രീകോവില്‍ – മണ്ഡപം സമര്‍പ്പണത്തോടനുബന്ധിച്ചു നടക്കുന്ന ഇക്കൊല്ലത്തെ തിരുവുത്സവം മേയ് 14 ന് കൊടിയേറി മേയ് 23 ന് ആറാട്ടോടുകൂടി സമാപിക്കുന്നു.

തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കഥകളി മെയ് 18 ന് നടക്കുന്നു.  ക്ഷേത്രകലകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടും, പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടും നടക്കുന്ന കലാപരിപാടികള്‍ ഉത്സവദിവസങ്ങളില്‍ നടക്കുന്നു.

നൂറ്റാണ്ടുകള്‍ക്കുശേഷം നടക്കുന്ന ഈ പുനരുദ്ധാരണ ദൗത്യം മഹനീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രോപദേശകസമിതി. ഈ സമര്‍പ്പണ ചടങ്ങിലും തിരുവുത്സവദിവസങ്ങളിലും എല്ലാ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും  സാന്നിദ്ധ്യവും സഹകരണവും ക്ഷേത്രോപദേശകസമിതി അഭ്യര്‍ത്ഥിക്കുന്നു.

Share.

About Author

Comments are closed.