ബിഗ് ബോസ് വേദിയില്‍ സല്‍മാന്‍ ‘തള്ളിയതല്ല’; 19 വര്‍ഷത്തിന് ശേഷം ആ പ്രശസ്ത സംവിധായകനൊപ്പം

0

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ബിഗ് ബോസ് 12-ാം സീസണ്‍ ഉദ്ഘാടന വേദിയില്‍ തന്റെ ഒരാഗ്രഹം പങ്കുവച്ചിരുന്നു സല്‍മാന്‍ ഖാന്‍. ഒരു പ്രശസ്ത സംവിധായകനൊപ്പം ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രവര്‍ത്തിക്കാനുള്ള മോഹത്തെക്കുറിച്ചാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മറ്റാരുമല്ല, സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ആ സംവിധായകന്‍. ബന്‍സാലിയുടെ ഒരു ചിത്രത്തിലേ മുന്‍പ് സല്‍മാന്‍ അഭിനയിച്ചിരുന്നുള്ളൂ. 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സന’ത്തില്‍.എന്നാല്‍ ബന്‍സാലിയുമായി വീണ്ടും ഒരുമിക്കുന്ന പ്രോജക്ടിനെക്കുറിച്ച് അത്ര ഉറപ്പോടെയല്ല സല്‍മാന്‍ ബിഗ് ബോസ് വേദിയില്‍ സംസാരിച്ചത്. ആ സിനിമയെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ബന്‍സാലിയില്‍ നിന്നും ഒരു വണ്‍ ലൈന്‍ മാത്രമേ കേട്ടിട്ടുള്ളുവെന്നും സല്‍മാന്‍ അന്ന് പറഞ്ഞു. കൂട്ടത്തില്‍ ഒരു പരാതിയും പറഞ്ഞു അദ്ദേഹം. സഞ്ജയ് ഇപ്പോള്‍ താന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്ന്. എന്തായാലും സല്‍മാന്‍ അന്ന് പറഞ്ഞ പ്രോജക്ട് യാഥാര്‍ഥ്യമാവുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിനെക്കൂടി ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിക്കുമ്പോള്‍ അതൊരു പ്രണയകഥയാണെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നുമാണ് തരണിന്റെ ട്വീറ്റ്.1999ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ സിനിമയാണ്. സല്‍മാന്റെ വ്യക്തിജീവിതത്തെയും സ്വാധീനിച്ച ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സല്‍മാനും നായികയായെത്തിയ ഐശ്വര്യ റായ് ബച്ചനുമിടയില്‍ അടുപ്പമുണ്ടാകുന്നതും മാധ്യമങ്ങളില്‍ അത് നിരന്തരം വാര്‍ത്തയാവുന്നതും.

 

Share.

About Author

Comments are closed.