അഖിലേന്ത്യാ പൊതുപണിമുടക്ക് തുടങ്ങി

0

വിവിധ ആവശ്യങ്ങള് ഉന്നയിച്ച് സംയുക്ത ട്രേഡ്യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടങ്ങി. തൊഴില് നിയമ ഭേദഗതിയില് നിന്ന് കേന്ദ്രസര്ക്കാര് പിന്മാറണം എന്നതടക്കം പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള് പണിമുടക്കില് പങ്കെടുക്കുന്നുണ്ട്. റെയില്വേ ഒഴികെയുള്ള തൊഴില്മേഖലകള് നിശ്ചലമാകും. ഇന്നു രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്. അവശ്യഘട്ടത്തിലൊഴികെ സ്വകാര്യവാഹനങ്ങളും പണിമുടക്കിന്റെ ഭാഗമാകണമെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തെ നേരിടാന് സംസ്ഥാന സര്ക്കാര് ഡയസ്നോണ് പ്രഖ്യാപിച്ചിട്ടുണ്ട്. പി.എസ്.സി ഇന്ന് നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചു. സർക്കാർ ജീവനക്കാരുടെയും ബാങ്ക്–ഇൻഷുറൻസ്–തപാൽ–ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനു ഡയസ്നോൺ ബാധകമാക്കിയ സംസ്ഥാന സർക്കാർ, സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്കു സംരക്ഷണം നൽകാൻ കലക്ടർമാരും വകുപ്പു തലവന്മാരും നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ വേതനം ഒക്ടോബർ ശമ്പളത്തിൽ നിന്നു തടഞ്ഞുവയ്ക്കും. മുൻകൂർ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാനും നിർദേശമുണ്ട്.
പണിമുടക്കിൽനിന്നു പിൻമാറിയതായി ഭാരതീയ മസ്ദൂർ സംഘിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കിയെങ്കിലും ചില സംസ്ഥാന ഘടകങ്ങൾ അതിനോടു യോജിക്കുന്നില്ലെന്നാണു സൂചന. 24 മണിക്കൂർ നീളുന്ന പണിമുടക്കിന് ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ള്യുഎ, എഐസിസിടിയു, യുടിയുസി, എൽപിഎഫ് എന്നിവയാണു നേതൃത്വം നൽകുന്നത്. റയിൽവേ യൂണിയനുകളൊന്നും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

Share.

About Author

Comments are closed.