മണിപ്പൂരില് ഗോത്രവര്ഗ്ഗക്കാര് നടത്തുന്ന പ്രക്ഷോഭത്തില് മൂന്നു പേര് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്

0

സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാനും ഭൂപരിഷ്കരണം നടത്താനും ഉദ്ദേശിച്ച് നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്ക്കെതിരെ തെക്കന് മണിപ്പൂരില് ഗോത്രവര്ഗക്കാര് നടത്തുന്ന പ്രക്ഷോഭത്തില് മൂന്നു പേര് കൊല്ലപ്പെട്ടു. അഞ്ചു പേര്ക്ക് പരിക്കേറ്റു. സംഘര്ഷം രൂക്ഷമായതോടെ അക്രമം അരങ്ങേറിയ സൗത്ത് ചുരാചാന്ദ്പൂരില് അനിശ്ചിതകാല കര്ഫ്യൂ പ്രഖ്യാപിച്ചു.സൗത്ത് ചുരാചാന്ദ്പൂരില് തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അക്രമം ആരംഭിച്ചത്. മണിപ്പൂര് ആരോഗ്യമന്ത്രി ഫുഗസ്പാംഗ് ടോന്സിംഗിന്റേയും മംഗ വായ്പേയ്, വുഹസിഗിന് വാല്റ്റ് എന്നിവരടക്കം അഞ്ച് എം.എല്.എമാരുടെയും വീടുകള്ക്ക് പ്രക്ഷോഭകാരികള് തീവച്ചു. പൊലീസ് കണ്ണീര്വാതകം പ്രയോഗിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. പൊലീസിന്റെ വാഹനങ്ങളും സമരക്കാര് കത്തിച്ചു. അഗ്നിശമന സേനയുടെ വാഹനങ്ങള് തടഞ്ഞത് രക്ഷാപ്രവര്ത്തനം തടസപ്പെടുത്തി. ആക്രമണത്തില് മന്ത്രിക്കും എം.എല്.എമാര്ക്കും കുടുംബാംഗങ്ങള്ക്കും പരിക്കില്ല. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.2015ലെ മണിപ്പൂര് ലാന്ഡ് റവന്യൂ, ഭൂപരിഷ്കരണ ഭേദഗതി ബില്ലാണ് സര്ക്കാര് പാസാക്കിയത്. ഈ നിയമം പ്രാബല്യത്തിലാവുന്നതോടെ ഗോത്ര വര്ഗക്കാര്, നാഗാ സമുദായക്കാര്, കുകി സമുദായക്കാര് എന്നിവരുടെ കൈവശമുള്ള ഭൂമിയുടെ മേല് ഗോത്ര വര്ഗക്കാരല്ലാത്തവര്ക്കും അവകാശം ലഭിക്കുന്ന സാഹചര്യം ഉണ്ടാവും. ഗോത്ര വര്ഗക്കാരടക്കമുള്ളവരുടെ കൈയിലുള്ള ഭൂമി നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന കാരണം.1951 മുതല് മണിപ്പൂരില് താമസിക്കുന്നവരെ തദ്ദേശീയരല്ലാതെയാണ് പരിഗണിച്ചു വന്നത്. എന്നാല്, ഈ വ്യവസ്ഥ സര്ക്കാര് ലഘൂകരിക്കുകയും 1951ന് മുമ്പ് മണിപ്പൂരില് സ്ഥിരതാമസമാക്കിയവര്ക്ക് ഭൂമിയ്ക്ക് മേല് അവകാശം നല്കുന്ന തരത്തില് ഭേദഗതി വരുത്തുകയും ചെയ്തു. ഇതോടെ, ശേഷിക്കുന്ന താമസക്കാര് ഭൂമിയുടെ അവകാശം ഉപേക്ഷിക്കാന് നിര്ബന്ധിതരവുകയും സംസ്ഥാനം വിട്ടുപോവേണ്ട സ്ഥിതി വിശേഷത്തിലും എത്തി. അന്യനാട്ടുകാരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പെര്മിറ്റ് സംവിധാനത്തിന്റെ പേരില് മൂന്നു വര്ഷമായി മണിപ്പൂരില് പ്രക്ഷോഭം നടന്നു വരികയാണ്. മ്യാന്മറുമായി അതിര്ത്തി പങ്കിടുന്ന പര്വത മേഖലയില് താമസിക്കുന്ന കുകി ഗോത്ര വര്ഗക്കാര്ക്ക് മതിയായ താമസരേഖകള് ഒന്നും തന്നെയില്ല. അതിനാല് തന്നെ നിരോധനങ്ങള് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം.

Share.

About Author

Comments are closed.