സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ അടിയന്തിരമായി നിരോധിക്കണം

0

തിരുവനന്തപുരം – കേരളത്തിലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്‍പിലെ സമരങ്ങളും പ്രകടനങ്ങളും അടിയന്തിരമായി നിരോധിക്കേണ്ടതാണ്.

സംസ്ഥാനത്തെ ജനജീവിതത്തെ ഗുരുതരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സംഭവമാണ്. പാതയോരങ്ങളില്‍ പൊതുയോഗം നടത്തുവാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്പോഴാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇരിക്കുന്ന ഓഫീസിനു മുന്നില്‍ നിഷേധാത്മക പ്രകടനങ്ങള്‍ നടക്കുന്നത്. ഇത് കോടതിയലക്ഷ്യമാണ്. ഡി.ജി.പി.യുടെ പേരില്‍ നടപടിയെടുക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് പ്രസിദ്ധ അഭിഭാഷകന്‍ അഭിപ്രായപ്പെടുന്നത്.  ഇതിനെതിരെ നിയമസഭയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.  ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ അവതരിപ്പിച്ച് ഗവര്‍ണര്‍ക്ക് അയച്ച് നിയമം ശക്തമാക്കുകയാണ് വേണ്ടത്. അതിന് ശേഷവും സമരവും പ്രകടനവും നടത്തുന്ന രാഷ്ട്രീയ നേതാക്കളെ ജയിലില്‍ അടയ്ക്കേണ്ട നിയമവും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.  ഓരോ ദിവസവും രാപ്പകല്‍ സമരം, നില്‍പ്പ് സമരം, പകല്‍ സമരം എന്നിങ്ങനെ പല പേരിലാണ് സമരങ്ങള്‍ രൂപം കൊള്ളുന്നത്. ഈ സമരങ്ങള്‍ നടത്തുന്നതിന് കോടതിയുടെ അനുമതിയും ഉള്‍പ്പെടുത്തി സെക്രട്ടേറിയേറ്റിനെ ശുദ്ധികലശം നടത്തേണ്ട താണ്. ക്ഷേത്രത്തിന് തുല്യമായ പ്രാധാന്യം നല്‍കുന്ന ഭരണസമുച്ഛയത്തെ മോചിപ്പിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്.  അതേസമയം സര്‍ക്കാര്‍ മുഖം മറച്ചുകൊണ്ട് ഭരണം നടത്തുന്നതു തന്നെ അപകടകരമായ ഒരു സമീപനമാണ്.

ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ഭരണ നേതൃത്വം അഭയാര്‍ത്ഥികളെപ്പോലെ കാണുന്ന സമീപനം ഭാവിയില്‍ വന്‍ സ്ഫോടനത്തിന് വഴിവെയ്ക്കുമെന്ന് വ്യക്തമാണ്. ഓരോ ദിവസവും പല കാര്യങ്ങള്‍ക്ക് തലസ്ഥാനത്തെത്തുന്ന രക്ഷകര്‍ത്താക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നിരാശയോടെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്. അതുപോലെ തന്നെ സെക്രട്ടേറിയറ്റില്‍ എത്തി നടപ്പാക്കേണ്ട വിഷയങ്ങള്‍ നടപ്പാ്ക്കുന്നതിനും പറ്റുന്നില്ല. ഒന്നുകില്‍ സെക്രട്ടേറിയറ്റ് ഉപരോധം അല്ലെങ്കില്‍ സെക്രട്ടേറിയറ്റ് വളയല്‍ എന്നിങ്ങനെ പല സമരപരിപാടികള്‍ മൂലം സെക്രട്ടേറിയറ്റില്‍ കടക്കുവാന്‍ പറ്റുന്നില്ല. പലരും സംസ്ഥാനത്തിന്‍റെ വിദൂരങ്ങളില്‍ നിന്നും ഇല്ലാത്തപണം കടം വാങ്ങിയാണ് തലസ്ഥാനത്ത് എത്തുന്നത്. ഇവിടെയെത്തുന്പോഴുള്ള ത്കിതാനുഭവങ്ങള്‍ മൂലം കണ്ണീര്‍ പൊഴിച്ചുകൊണ്ടാണ് മടങ്ങുന്നത്. ഈ കാഴ്ചകള്‍ കാണാന്‍ കേരളത്തിലെ രാഷ്ട്രീയക്കാരും ഭരണ നേതൃത്വം ഇല്ലെന്നറിഞ്ഞപ്പോള്‍ ജനം രോഷാകുലരാണ്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടക്കുന്പോള്‍ ബസ്സുകളേയും മറ്റു വാഹനങ്ങളേയും തിരിച്ചുവിടുന്നതോടുകൂടി പല അപകടങ്ങളും ദിനപ്രതി നടക്കുന്നതും ആരെയും അത്ഭുതപ്പെടുത്താറില്ല. ഓരോ സമരങ്ങള്‍ അരങ്ങേറുന്പോഴും പുതിയ നേതാക്കള്‍ ജന്മമെടുക്കുകയാണ്. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്ക് ജനങ്ങളുടെ മുന്നില്‍ നേതാവ് ചമയാനൊരു സന്ദര്‍ഭമായാണ് കരുതുന്നത്. ഇത് ഭരണകക്ഷിയിലും, പ്രതിപക്ഷ പാര്‍ട്ടിയിലും ഉള്ളവര്‍ തന്നെയാണ്. ഇതുമൂലമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കാത്തത്. ഇതിന്‍റെ പേരില്‍ വന്‍പിരിവാണ് പല പ്രദേശങ്ങളിലും നടക്കുന്നത്.  അവയുടെ സിംഹഭാഗം നേതാവിന്‍റെ കീശയിലും ബാക്കി സമരക്കാര്‍ക്കും ചെലവിടുകയാണ് പതിവ്. ഇതിനെതിരെ പല രാഷ്ട്രീയ പാര്‍ട്ടിയിലും എതിര്‍പ്പുകള്‍ രൂപംകൊണ്ടുവെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു ഒത്തുതീര്‍പ്പാക്കി.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നതിന് പകരം മറ്റൊരിടത്ത് നിവേദനം നല്‍കുന്നതിനും പ്രകടനം പ്രദര്‍ശിപ്പിക്കുന്നതിനും ഒരിടം കണ്ടെത്തേണ്ടതാണ്.  പല രാഷ്ട്രീയ നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞപ്പോള്‍ ശംഖുമുഖമാണ് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയിരുന്നു. അവിടെ ഒരു ഓഫീസും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന അഭിപ്രായവും ഉരുത്തിരിഞ്ഞു വന്നു.  എന്നാല്‍ ഈ സംവിധാനത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ എം.എം. ഹസ്സന്‍ ശക്തിയായി പിന്‍താങ്ങിയിരുന്നു.  മറ്റു നേതാക്കള്‍ അത്ര ഗൗരവം ഈ പദ്ധതിക്കു നല്‍കിയതുമില്ല. തുടര്‍ന്നു പ്രസ്തുത പദ്ധതി പാളിപ്പോവുകയായിരുന്നു.  എന്നാല്‍ ഹസ്സന്‍ ഇപ്പോഴും ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.

കേരളത്തില്‍ മാത്രമാണ് ഇത്രയും ബീഭത്സമായ സമരങ്ങളുടെ മുന്നേറ്റം നടക്കുന്നത്. മറ്റു അന്യ സംസ്ഥാനങ്ങളില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നിരോധിച്ചുവെങ്കിലും കേരളത്തിലെപ്പോലെ അക്രമാസക്തവും സംഘര്‍ഷവും കലര്‍ന്ന സമരങ്ങള്‍ ഇല്ലെന്നുതന്നെ കരുതാവുന്നതാണ്.  കേരളത്തിലെ സമരങ്ങള്‍ക്കു എപ്പോഴുൺ അക്രമത്തിന്‍റെ മണമുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.  ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സെക്രട്ടേറിയറ്റിന്‍റെ മുന്നിലെ സമരത്തിന് കടിഞ്ഞാണ്‍ ഇടേണ്ടതാണ്.  അല്ലാത്തപക്ഷം പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്നാണറിയുന്നത്.

 

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.