പുതുച്ചേരി ലഫ്റ്റനന്റ് ഗവര്ണർക്കു സുരക്ഷയൊരുക്കുന്നതില് വിമാനത്താവളത്തില് വന് പാളിച്ച

0

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ എ.കെ. സിങ്ങിനു സുരക്ഷയൊരുക്കുന്നതിൽ കോഴിക്കോട് വിമാനത്താവളത്തിൽ വൻ പാളിച്ച. ഗവർണറെ സ്വീകരിക്കാൻ ക്രമീകരിക്കേണ്ട പ്രോട്ടോക്കോൾ ചട്ടങ്ങൾ ലംഘിക്കപ്പെട്ടു. ഇന്നു രാവിലെ ഏഴേകാലിനാണു സംഭവം. വിമാനമിറങ്ങിയ ഗവർണർ ആഭ്യന്തര ടെർമിനലിലേക്ക് എത്തിയതു മറ്റു യാത്രക്കാർക്കൊപ്പം സർവീസ് ബസ്സിലാണ്. വിമാനത്താവളത്തിലെ ജീവനക്കാരും സിഐഎസ്ഫും തമ്മിലുള്ള തർക്കം സുരക്ഷാ പാളിച്ചയ്ക്കു പിന്നിലുണ്ടെന്നു സൂചന.ചെന്നൈയിൽനിന്നു സ്പൈസ് ജെറ്റ് വിമാനത്തിലാണു ഗവർണർ കരിപ്പൂരിലിറങ്ങിയത്. ഗവർണർക്കായി ഒരുക്കിയ കാർ, വിഐപി ഗേറ്റിലൂടെ റൺവേയിലേക്കു കടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫുകാർ തടഞ്ഞു. വിമാനത്താവള അതോറിറ്റി ജീവനക്കാർ പറഞ്ഞിട്ടും സിഐഎസ്എഫുകാർ വഴങ്ങിയില്ല. എന്നാൽ, എയർപോർട്ട് ഡയറക്ടറുടെ വാഹനം ഉള്ളിലേക്കു കടത്തിവിട്ട് അതിൽ ഗവർണറെ കൊണ്ടുവരാൻ സിഐഎസ്എഫുകാർ തയാറായി. ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽപ്പെട്ടവർ ബന്ധപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ, വിമാനത്തിനടുത്തെത്തിയ ഈ വാഹനത്തിൽ അവിടെയുണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവ് കയറിപ്പോയി. ഈ സമയമത്രയും മറ്റു യാത്രക്കാർക്കൊപ്പം വിമാനത്തിൽനിന്നിറങ്ങി പുറത്തു നിൽക്കുകയായിരുന്നു ഗവർണർ.യാത്രക്കാരെ ടെർമിനലിലേക്ക് എത്തിക്കാൻ വന്ന സർവീസ് ബസ്സിൽ കയറിയാണ് ഒടുവിൽ ഗവർണർ പുറത്തെത്തിയത്. കാത്തുനിന്ന വാഹനത്തിൽ അദ്ദേഹം കോഴിക്കോട്ടേക്കു പോവുകയും ചെയ്തു. അദ്ദേഹത്തിനു സുരക്ഷയൊരുക്കാൻ കേരള പൊലീസ് സംഘം ഉൾപ്പെടെയുള്ളവർ കാത്തുനിന്നിരുന്നെങ്കിലും സിഐഎസ്എഫുകാരുടെ ഉടക്കുമൂലം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

Share.

About Author

Comments are closed.