തദ്ദേശതെരഞ്ഞെടുപ്പ് നവംബറില് നടന്നേക്കും;

0

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്നതില് ഹൈകോടതിവിധി പരിശോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഉടന് തീരുമാനമെടുക്കും. വിധിപകര്പ്പ് കിട്ടിയശേഷം നിയമവശം കൂടി പരിശോധിച്ചാകും ഇതെന്ന് കമീഷന് വൃത്തങ്ങള് സൂചിപ്പിച്ചു. ഡിസംബര് ഒന്നിന് പുതിയ ഭരണസമിതികള് അധികാരമേല്ക്കുംവിധം നവംബറില് പൊതുതെരഞ്ഞെടുപ്പ് നടന്നേക്കും. ഇക്കാര്യത്തില് സര്ക്കാറും കമീഷനും നേരത്തെ ധാരണയായിരുന്നു.
ഹൈകോടതിവിധിയോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തീരുമാനമെടുത്ത് മുന്നോട്ടുപോകാന് വഴി പൂര്ണമായും തെളിഞ്ഞു. കമീഷന് വേണമെങ്കില് 2010ലെ വാര്ഡ് അടിസ്ഥാനത്തില് നവംബര് ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്ക്കുംവിധം തെരഞ്ഞെടുപ്പ് നടത്താം. അല്ളെങ്കില് സര്ക്കാറുമായി എത്തിയ ധാരണപ്രകാരം 28 മുനിസിപ്പാലിറ്റികളും കണ്ണൂര് കോര്പറേഷനും കൂടി ഉള്പ്പെടുത്തി ഡിസംബര് ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്ക്കുംവിധം നവംബറില് തെരഞ്ഞെടുപ്പ് നടത്താം. സര്ക്കാറും കമീഷനും തമ്മില് രൂക്ഷമായ ഭിന്നത നിലനിന്ന ഘട്ടത്തില് 2010ലെ വാര്ഡ് അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടായിരുന്നു കമീഷന്. എന്നാല് രണ്ടാം ചര്ച്ചയില് പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര് കോര്പറേഷനിലും തെരഞ്ഞെടുപ്പ് നടത്തുംവിധം നീട്ടുന്നതിനെ കമീഷനും അനുകൂലിച്ചു.
പുതിയ പഞ്ചായത്തുകളുടെയും ബ്ളോക് പുന$സംഘടനയുടെയും കാര്യത്തില് സര്ക്കാര് ഇതിനകം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഈഘട്ടത്തില് 28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര് കോര്പറേഷനും അംഗീകരിച്ച് മുഖംരക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് സര്ക്കാര്. കമീഷനും സര്ക്കാറും തമ്മില് ഇക്കാര്യത്തില് ഏറെ തര്ക്കിച്ചെങ്കിലും അവസാനം സര്ക്കാര് നിലപാട് കമീഷന് അംഗീകരിക്കുകയായിരുന്നു. ഡിസംബര് ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്ക്കുംവിധം പുതിയ 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര് കോര്പറേഷനിലും കൂടി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സര്ക്കാര് ഹൈകോടതിയെ സമീപിച്ചപ്പോള് അതിനെ പിന്തുണക്കുന്ന നിലപാടാണ് കമീഷന് സ്വീകരിച്ചത്. ഹൈകോടതിയില് സത്യവാങ്മൂലവും കമീഷന് നല്കിയിരുന്നു. ഈ സാഹചര്യത്തില് വീണ്ടും 2010ലെ വാര്ഡ്പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലേക്ക് കമീഷന് പോകില്ളെന്നാണ് സര്ക്കാര് പ്രതീക്ഷിക്കുന്നത്. എന്നാല്, കോടതിവിധിയിലെ പരാമര്ശങ്ങള് കൂടി കമീഷന് പരിഗണിക്കേണ്ടിവരും. തെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടിയാല് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നമുറക്ക് തദ്ദേശസ്ഥാപനങ്ങളില് ഒരുമാസം അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്പ്പെടുത്തേണ്ടി വരും. വാര്ഡ് പുനര്വിഭജന നടപടികള് തീരുമാനിക്കാന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറും സര്ക്കാര് സെക്രട്ടറിമാരുമടങ്ങുന്ന ഡീലിമിറ്റേഷന് കമീഷന്െറ യോഗവും നടന്നുവരുകയാണ്. കമീഷന് ഇന്നലെയും യോഗം ചേര്ന്നിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്ക്കാറിന്െറ ഒരു വാദവും കോടതി അംഗീകരിച്ചില്ളെന്നത് ശ്രദ്ധേയമാണ്. കോടതി ഉത്തരവ് തിരിച്ചടിയല്ളെന്ന നിലപാടാണ് മന്ത്രിമാരായ കെ.സി. ജോസഫിനും മഞ്ഞളാംകുഴി അലിക്കും. കോടതിവിധിപ്രകാരം കമീഷനുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി കെ.സി. ജോസഫും മുന്നിശ്ചയപ്രകാരം തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലിയും പ്രതികരിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന നടപടികള് ഇനിയും പൂര്ത്തീകരിക്കാനുണ്ട്. പുതിയ 28 മുനിസിപ്പാലിറ്റികളുടെയും കണ്ണൂര് കോര്പറേഷന്െറയും അതിര്ത്തിപുനര്നിര്ണയിച്ച് ഡീലിമിറ്റേഷന് കമീഷന് ഉത്തരവിറക്കണം. ഇതിന്െറ തെളിവെടുപ്പ് കമീഷന് നടത്തിയിരുന്നു. നേരത്തെ 152 ബ്ളോക്കുകളും പുന$സംഘടിപ്പിക്കാന് സര്ക്കാര് തീരുമാനിച്ചെങ്കിലും ആശയക്കുഴപ്പം വന്നതോടെ അത് 30 എണ്ണത്തില് ഒതുക്കിയിരുന്നു. തെളിവെടുപ്പുനടത്തി ഈ മാസം 14ന് അന്തിമവിജ്ഞാപനം പുറത്തിറക്കും. അതിനുശേഷം ബ്ളോക് പഞ്ചായത്തുകളുടെ വാര്ഡ് വിഭജനം നടക്കും. ഇതിന്െറ കരട് പ്രസിദ്ധീകരിക്കുകയും തെളിവെടുപ്പ് നടത്തുകയും വേണം. അത് പൂര്ത്തിയാക്കി അടുത്ത മാസം മൂന്നോടെ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. തുടര്ന്ന് ജില്ലാ പഞ്ചായത്ത് വാര്ഡ്വിഭജനത്തിന്െറ കരട് പ്രസിദ്ധീകരിക്കും. ആക്ഷേപം കേള്ക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തശേഷം ഒക്ടോബര് 14ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ലക്ഷ്യം. അതിനുശേഷം എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും സംവരണവാര്ഡുകള് പ്രഖ്യാപിക്കണം. ഇതിനിടെതന്നെ പുതിയ വാര്ഡുകള്ക്ക് അനുസൃതമായി വോട്ടര്പട്ടിക ക്രമീകരിക്കുന്ന ജോലിയും തീര്ക്കണം. തുടര്ന്നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുക. ഒറ്റഘട്ടമായാണെങ്കിലും രണ്ടുദിവസമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന.

Share.

About Author

Comments are closed.