പ്രസവശുശ്രൂഷ സ്വയംതൊഴില് സംരംഭമാക്കാന് പരിശീലിപ്പിക്കാനുദ്ദേശിച്ച സൂതികശ്രീ പദ്ധതി നിര്ത്തിവയ്ക്കുന്നു

0

പ്രസവശുശ്രൂഷയ്ക്ക് ആളെക്കിട്ടാത്ത അവസ്ഥ പരിഹരിക്കാന് കുടുംബശ്രീ ജന്മം നല്കിയ സൂതികശ്രീ പദ്ധതിക്ക് അകാലചരമം. കൊച്ചിയിലുള്ള സ്വകാര്യ കമ്പനിയെയാണു പദ്ധതി ഏല്പിച്ചിരുന്നത്. എന്നാല്, ടെന്ഡര് വ്യവസ്ഥകള് കമ്പനി പാലിക്കാത്തതിനാല് പദ്ധതി തല്ക്കാലം നിര്ത്തി വച്ചിരിക്കുകയാണെന്നു കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര് വിനു ഫ്രാന്സിസ് പറഞ്ഞു.പ്രസവാനന്തരശുശ്രൂഷയ്ക്കു ശാസ്ത്രീയപരിശീലനം നല്കിയ സ്ത്രീകളെ നിയോഗിച്ച് അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ 50 വയസ്വരെ പ്രായമുള്ള സ്ത്രീകള്ക്കു സ്വയംതൊഴിലവസരം ഒരുക്കുംവിധത്തിലായിരുന്നു സൂതികശ്രീ പദ്ധതി.കൊല്ലത്താണു പദ്ധതി ആദ്യം നടപ്പാക്കിയത്. എന്നാല് അവിടെയുള്ള സൂതികശ്രീ അംഗങ്ങള്ക്കു പ്രഖ്യാപിച്ച പല സൗകര്യങ്ങളും കമ്പനി നല്കിയില്ല. ഈസാഹചര്യത്തില് കമ്പനിയുമായി തുടര്ന്നു സഹകരിക്കാന് കഴിയില്ലെന്നും കുടുംബശ്രീയുടെ നിര്ദേശങ്ങള് പാലിച്ചാല് എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കുമെന്നും പ്രോഗ്രാം ഓഫീസര് വ്യക്തമാക്കി. തിരുവനന്തപുരം, വയനാട്, ഇടുക്കി, കൊച്ചി ജില്ലകളിലും പദ്ധതി നടപ്പാക്കിയിരുന്നു.

കൊച്ചിയിലെ സ്ഥാപനം ആദ്യഘട്ടത്തില് പദ്ധതിയംഗങ്ങള്ക്കു പരിശീലനം നല്കി. പ്രസവശേഷമുള്ള തേച്ചുകുളി, കുഞ്ഞിനെ കുളിപ്പിക്കല് എന്നീ പരിചരണങ്ങളെല്ലാം സൂതികശ്രീ അംഗങ്ങള് ചെയ്തുനല്കുന്നതാണു പദ്ധതി. ശുശ്രൂഷയ്ക്ക് ആവശ്യമായ എണ്ണ, കുഴമ്പ്, ഔഷധങ്ങള് എന്നിവയടങ്ങിയ കിറ്റ് കമ്പനി കുടുംബശ്രീ പ്രവര്ത്തകര്ക്കു നല്കും. 15,000 രൂപയാണു ശുശ്രൂഷയ്ക്ക് ഈടാക്കിയിരുന്നത്. പ്രതിദിനം രണ്ടുമണിക്കൂര് വീതം 28 ദിവസത്തെ ശുശ്രൂഷയാണു വിഭാവനം ചെയ്തത്. കഴിഞ്ഞവര്ഷം ഓഗസ്റ്റില് സംസ്ഥാനത്തുടനീളം പദ്ധതി ആരംഭിക്കാനാണു കുടുംബശ്രീ ലക്ഷ്യമിട്ടിരുന്നത്.പച്ചയും ഓറഞ്ചും നിറത്തിലുള്ള യൂണിഫോമാണു സൂതികശ്രീ അംഗങ്ങള്ക്കു നിര്ദേശിച്ചിരുന്നത്. ടെലിഫോണില് ബന്ധപ്പെട്ടാല് ഇവര് തിരിച്ചറിയല് കാര്ഡ്, മെഡിക്കല് കിറ്റ്, മറ്റു പരിചരണസാമഗ്രികള് എന്നിവയുമായി വീട്ടിലെത്തും. പരിചരണത്തിനായി വീടുകളില് പോകുന്ന സ്ത്രീകളുടെ സുരക്ഷയും പദ്ധതിയില് ഉള്പ്പെടുത്തിയിരുന്നു. അടിയന്തരവേളയില് അഞ്ചു നമ്പറുകളിലേക്ക് ഇവരുടെ ഫോണില്നിന്ന് എസ്.ഒ.എസ്. വിളികള്ക്കു സംവിധാനമുണ്ട്.എന്നാല്, വാഗ്ദാനം ചെയ്ത മെഡിക്കല് കിറ്റുകള് നല്കുന്നതില് കമ്പനി വീഴ്ചവരുത്തി. വാഹനസൗകര്യവും ഫോണ് സംവിധാനവും നടപ്പാക്കിയില്ല. അതോടെ പദ്ധതി പാളി.

Share.

About Author

Comments are closed.