ചാക്കോച്ചൻ1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. കരിയറിൽ ചെറിയൊരു ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയ താരത്തിന് മികച്ച ഒരു പിടി ചിത്രങ്ങളാണ് ലഭിച്ചത്. എന്നാൽ താൻ സൂപ്പർസ്റ്റാറൊന്നു മല്ലെന്നാണ് ചാക്കോച്ചൻ പറയുന്നത്. സൂപ്പർസ്റ്റാർ പദവിക്ക് താൻ അർഹനല്ലെന്നാണ് താരത്തിന്റെ പക്ഷം.അടുത്തിടെയായി താൻ ചെയ്യുന്ന ചിത്രങ്ങളിലെല്ലാം രണ്ട് നായകന്മാരാണുള്ളത്. അത്തരം വേഷങ്ങൾ താൻ മനപ്പൂർവ്വം തെരഞ്ഞെടുക്കുന്നതല്ല. ഒരു ചിത്രം നല്ലതാകണമെങ്കിൽ നായകൻ മാത്രമല്ല, അതിലെ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്. മലയാള സിനിമകൾ വിജയിക്കുന്നത് ഒരു നായകൻ കാരണമല്ലെന്നും ഒരു ടീമിന്റെ മുഴുവൻ കഴിവുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടർ ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികൾ എന്ന ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അവാർഡിന് വേണ്ടിയാണ് ഇത്തരമൊരു ചിത്രത്തിൽ അഭിനയിക്കുന്നതെന്ന വാർത്തകൾ താരം നിഷേധിച്ചു. എന്റോസൾഫാൻ ഇരകളെപ്പറ്റിയുള്ള ഹൃദയസ്പൃക്കായ ഒരു വിഷയമായതിനാലാണ് താൻ ആ ചിത്രം തിരഞ്ഞെടുത്തതെന്ന് താരം വ്യക്തമാക്കി.
അടുത്തതായി രാജമ്മ അറ്റ് യാഹൂ എന്ന ചിത്രത്തിലാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്. ആസിഫ് അലിക്കൊപ്പം താരം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. രണ്ട് മടിയന്മാരായ സഹോദരന്മാരുടെ കഥയാണിത്. ഇതോടൊപ്പം മഞ്ജു വാര്യർ, ജയസൂര്യ എന്നിവർ അഭിനയിക്കുന്ന രാജേഷ് പിള്ളയുടെ പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലും ഋഷി ശിവരുമാറിന്റെ ചിത്രത്തിലും ചാക്കോച്ചൻ ഉണ്ട്.