റാമിന്റെ സ്മരണയ്ക്ക് ദേശീയ ഫോട്ടോഗ്രാഫി അവാർഡ്

0

:അന്തരിച്ച കേരളകൗമുദി ഫോട്ടോ എഡിറ്റർ എസ്.എസ്.റാമിന്റെ സ്മരണാർത്ഥം തിരുവനന്തപുരം പ്രസ്ക്ളബ് ദേശീയ ഫോട്ടോഗ്രാഫി അവാർഡ് ഏർപ്പെടുത്തും. ഏറ്റവും വലിയ തുക പുരസ്കാരമായി നൽകുന്ന അവാർഡായിരിക്കും ഇതെന്ന് പ്രസ്ക്ളബ് പ്രസിഡന്റ് ആർ.അജിത്കുമാർ പ്രസ്ക്ളബിൽ നടന്ന അനുസ്മരണ ചടങ്ങിൽ അറിയിച്ചു.
പത്രപ്രവർത്തന രംഗത്ത് വ്യക്തിപരമായി ഇത്രയും മാന്യത പുലർത്താനാവുമെന്ന് തെളിയിച്ച വ്യക്തിയായിരുന്നു എസ്. എസ്. റാം എന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സ്വയം സംസാരിക്കുന്ന ചിത്രങ്ങളായിരുന്നു റാമിന്റേത്. അവയ്ക്ക് അടിക്കുറിപ്പ് ആവശ്യമായിരുന്നില്ല.എപ്പോഴും ചിത്രങ്ങൾ തേടുന്ന കണ്ണുകളായിരുന്നു എല്ലാവർക്കും സുഹൃത്തായിരുന്ന റാമിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഹൃദ്യമായ പെരുമാറ്റമായിരുന്നു റാമിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് മുതിർന്ന പത്രപ്രവർത്തകൻ കെ.ജി.പരമേശ്വരൻ നായർ പറഞ്ഞു. പ്രതീക്ഷിക്കാത്ത സമയത്താണ് അദ്ദേഹത്തിന്റെ വേർപാട്.

മനുഷ്യത്വത്തിന്റെ മുഗ്ദ്ധമായ അടയാളമായിരുന്നു റാമെന്ന് ജയ് ഹിന്ദ് ചീഫ് എഡിറ്റർ കെ.പി.മോഹനൻ പറഞ്ഞു. പ്രകാശത്തിന്റെ മൃദുത്വവും ശുദ്ധമായ ലാളിത്യവും ഒത്തുചേർന്നതായിരുന്നു ആ വ്യക്തിത്വം.
നേരിട്ട് വലിയ പരിചയമില്ലെങ്കിലും വർഷങ്ങളായി മനസിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയായിരുന്നു റാം എന്ന് പ്രശസ്ത കവി പ്രഭാവർമ പറഞ്ഞു. മനസ് എന്താണെന്ന് തെളിയുന്നതായിരുന്നു, മുഖത്ത് എപ്പോഴും കാണാറുള്ള ചിരി.അഹങ്കാരത്തിന്റെ ലാഞ്ഛനയില്ലാതെ വിനയത്തെ അദ്ദേഹം കൊടിയടയാളമാക്കി. പുതിയ തലമുറയ്ക്ക് പകർത്താവുന്ന പാഠമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.തൊട്ടടുത്ത നിമിഷം നമ്മുടേതല്ലെന്ന ബോദ്ധ്യപ്പെടുത്തൽ കൂടിയാണ് റാമിന്റെ വിയോഗം.
റാമിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ചിത്രങ്ങൾ കോർത്തിണക്കി കേരളകൗമുദി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എഡിറ്റർ പി.പി.ജയിംസ് പറഞ്ഞു. നിരവധി യാത്രകളിലെടുത്ത മനോഹരങ്ങളായ ചിത്രങ്ങളുണ്ട്. റാം എടുത്ത ചിത്രങ്ങൾക്കു പുറമേ , അദ്ദേഹത്തെ ഫോക്കസ് ചെയ്ത് മറ്റുള്ളവർ എടുത്ത ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തും.
കവിതപോല മനോഹരമായിരുന്നു റാമിന്റെ ചിത്രങ്ങളെന്ന് കേരളകൗമുദി പൊളിറ്റിക്കൽ എഡിറ്റർ ബി.വി.പവനൻ പറഞ്ഞു. പ്രസ് ഫോട്ടോഗ്രാഫിയിൽ തുടക്കക്കാരനായി തശ്ശൂരിൽ വന്നപ്പോൾ തുടങ്ങിയ ബന്ധമാണ്. പിന്നീട് എത്രയോ യാത്രകൾ ഒന്നിച്ചു ചെയ്തിരിക്കുന്നു. നല്ലൊരു കൂട്ടുകാരനാണ് വിടപറഞ്ഞത്. ഇനി അങ്ങനെയൊരാൾ ഉണ്ടാകുമോയെന്ന് അറിയില്ല.
ബി.ജയചന്ദ്രൻ (മനോരമ), രാജീവ് ഗോപാൽ (ടൈംസ് ഓഫ് ഇന്ത്യ), സി.ശങ്കർ ( ഇന്ത്യ ടുഡേ),ഹാരീസ് കുറ്റിപ്പുറം (മാദ്ധ്യമം),ആദികേശവൻ ( എസ്.ബി.ടി ചീഫ് ജനറൽ മാനേജർ),എസ്.എൽ.ശ്യാം (പ്രസ്ക്ളബ് സെക്രട്ടറി), മാർഷൽ വി.സെബാസ്റ്റ്യൻ (മാതൃഭൂമി ) തുടങ്ങിയവരും സംസാരിച്ചു.

Share.

About Author

Comments are closed.