മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് നല്കിയ അനുമതി കേന്ദ്ര വന്യജീവി ബോര്‍ഡ് റദ്ദാക്കി. പരിസ്ഥിതി ആഘാത പഠനത്തിനെതിരെ തമിഴ്നാട് നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ടെന്ന കാര്യം മറച്ചുവച്ചതിന് കേരളത്തെ കേന്ദ്ര വന്യജീവി ബോര്‍ഡ് വിമര്‍ശിച്ചു.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേരളത്തിനു നല്കിയ അനുമതിയാണ് കേന്ദ്ര വനം വന്യജീവി ബോര്‍ഡ് റദ്ദാക്കിയത്. പരിസ്ഥിതി പഠനത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് തുടരുന്നത് പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരമായില്ലെന്നതിന്റെ തെളിവാണെന്ന് കഴിഞ്ഞമാസം പതിനെട്ടിനു ചേര്‍ന്ന വന്യജീവിബോര്‍ഡ് യോഗം വിലയിരുത്തി.പരിസ്ഥിതി ആഘാത പഠനത്തിനു കേരളം നല്കിയ അപേക്ഷ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി തള്ളുക കൂടി ചെയ്ത സാഹചര്യത്തില്‍ വന്യജീവി ബോര്‍ഡ് നല്കിയ അനുമതിക്ക് പ്രസക്തി ഇല്ലാതായെന്നും യോഗം ചൂണ്ടിക്കാട്ടി. വന്യജീവി ബോര്‍ഡ് കൂടി അനുമതി നിഷേധിച്ചതോടെ പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് വനത്തിനകത്ത് ഒരു പഠനവും നടത്താന്‍ കേരളത്തിന് കഴിയില്ല. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ മാത്രമേ ഇനി പുതിയ അണക്കെട്ടിനു വേണ്ടിയുള്ള തുടര്‍നടപടികളുമായി കേരളത്തിനു മുന്നോട്ടുപോകാനാവൂ
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി പരിസ്ഥിതി പഠനത്തിനുള്ള അനുമതി റദ്ദാക്കി
0
Share.