അബ്ദുൾ കരീം വധം: പ്രതിക്ക് ജീവപര്യന്തം തടവ്

0

കോഴിക്കോട് കൊടുവള്ളിയില് റിയല് എസ്റ്റേറ്റ് ഇടപാടുകാരന് അബ്ദുൾ കരീമിനെ ചുട്ടുക്കൊന്ന കേസില് പ്രതി മുഹമ്മദ് ജംഷീറിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. റിയല് എസ്റ്റേറ്റ് ഇടപാടിലെ പണം തര്ക്കമാണ് കൊലപാതകത്തിന് കാരണം. 2009 മേയ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മുക്കം സ്വദേശിയായ അബ്ദുള്കരീമും വെള്ളിമാട്കുന്ന് സ്വദേശിയായ മുഹമ്മദ് ജംഷീറും റിയല് എസ്റ്റേറ്റ് വ്യാപാരത്തിലെ പങ്കാളികളായിരുന്നു. ഭൂമിഇടപാടുമായി ബന്ധപ്പെട്ട് പണം നല്കുന്നതിലെ തര്ക്കംമൂലം ഇരുവരും തമ്മില് തെറ്റി. കോഴിക്കോട് പാളയത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് കരീമിനെ വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചു. അബോധാവസ്ഥയിലായതോടെ, കാറില് കയറ്റി കൊടുവള്ളിയില് എത്തിച്ചുവഴിയോരത്തെ ചാലിലിട്ട് പെട്രോള് ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.കേസിലെ മുഖ്യതെളിവായി കോടതി കണ്ടെത്തിയത് പ്രതിയുടെ കൈതണ്ടയില് കണ്ട കടിയേറ്റ അടയാളമാണ്. ശ്വാസംമുട്ടിക്കുന്നിതിനിടെ, അബ്ദുള്കരീം പ്രതി മുഹമ്മദ് ജംഷീറിന്റെ കൈതണ്ടയില് കടിച്ചെന്നാണ് പ്രോസിക്യൂഷന് ആരോപണം. ഇതു സാക്ഷ്യപ്പെടുത്തിയ ഡെന്റല് കോളജ് മുന് പ്രിന്സിപ്പല് ഡോ.ഐപ്പ് വര്ഗീസ് അക്കാലത്ത് വിദേശത്താണെന്ന് പ്രതിഭാഗം ആരോപിച്ചു. പിഴത്തുകയായ അഞ്ചു ലക്ഷം രൂപ കൊല്ലപ്പെട്ട അബ്ദുള്കരീമിന്റെ വിധവയ്ക്കു നല്കണമെന്ന് കോടതി ഉത്തരവിട്ടു.

Share.

About Author

Comments are closed.