പുതുമകളുടെ മേനോൻ ടച്ച്- ബാലചന്ദ്രമേനോന്റെ ഓരോ സിനിമയും അങ്ങനെയായിരുന്നു. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. കഥാപശ്ചാത്തലം കുടുംബമാണെങ്കിൽ പോലും ഒരു സിനിമ മറ്റൊന്നു പോലെ എന്ന് താരതമ്യം ചെയ്യാത്തവിധം പുതുമയാർന്ന കഥകൾ, സാഹചര്യങ്ങൾ. പക്ഷെ സംവിധായകനും അഭിനേതാവും സംഗീതസംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും പാട്ടുകാരനും എല്ലാം ചിലനേരം ഒരാൾ തന്നെയാവും. ബാലചന്ദ്രമേനോൻ എന്ന ഒറ്റയാൾ പോരാളിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമായിരുന്നു ഓരോ ബാലചന്ദ്രമേനോൻ സിനിമകളും. കാലഘട്ടത്തിന് അനുയോജ്യമായ കഥകൾ പറഞ്ഞ മേനോൻ ഇടയ്ക്കൊരു ഇടവേളയെടുത്തു. ഏഴു വർഷത്തെ നീണ്ട ഇടവേള.
പലരും പറഞ്ഞു ഇനിയൊരു ബാലചന്ദ്രമേനോൻ സിനിമ ഉണ്ടാവില്ല. എന്നാൽ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ച് ബാലചന്ദ്രമേനോൻ വീണ്ടും എത്തുകയാണ്. കഥ, തിരക്കഥ, സംവിധാനം, സംഗീതസംവിധാനം, അഭിനയം, നിർമാണം ബാലചന്ദ്രമേനോൻ എന്ന ടൈറ്റിലിൽ ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിലൂടെ. സിനിമയുടെ വിശേഷങ്ങൾ ബാലചന്ദ്രമേനോൻ പങ്കുവെക്കുന്നു.വീണ്ടും സംവിധായകന്റെ തൊപ്പി അണിയാൻ ഇത്ര നീണ്ട ഇടവേള ആവശ്യമായിരുന്നോ?ഇടവേള എന്നു പറയുന്നത് എന്റെ സിനിമാജീവിതത്തിൽ മാത്രമേ സംഭവിച്ചിട്ടൊള്ളൂ. സിനിമയിൽ നിന്നും മാറി നിന്ന ഏഴുവർഷം ഞാൻ എന്റെ ജീവിതത്തിലെ മറ്റു തിരക്കുകളിലായിരുന്നു. അഭിഭാഷകനായി എൻറോൾ െചയ്തു, രണ്ടു പുസ്തകങ്ങൾ എഴുതി, എന്റെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞത് ഈ സമയത്തായിരുന്നു. പുതിയ സിനിമകൾ കാണാനും കൃത്യമായി നിരീക്ഷിക്കാനും കാലത്തിന് അനുയോജ്യമായ കഥകൾ ആലോചിക്കാനുമൊക്കെ ഈ ഇടവേള ഞാൻ പ്രയോജനപ്പെടുത്തി. അല്ലാതെ വെറുതെ ഇരുന്ന നിമിഷങ്ങൾ അല്ല ഈ ഏഴുവർഷം.മാറിയ മലയാളസിനിമയിലെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?മാറ്റം എന്നും അനിവാര്യമാണ്. അതിനെ അംഗീകരിക്കുകയാണ് വേണ്ടത്, അല്ലാതെ കണ്ണ് അടച്ച് വെടിവെച്ചിട്ട് കാര്യമില്ല. സിനിമ എടുക്കുന്ന രീതി മാറി എന്നുളളതല്ലാതെ സിനിമയ്ക്ക് അടിസ്ഥാനപരമായി മാറ്റം വന്നു എന്ന് ഞാൻ കരുതുന്നില്ല. ഉദാഹരണത്തിന് പണ്ട് പേപ്പറിൽ എഴുതി സൂക്ഷിക്കുന്നതിനു പകരം ഇന്ന് മൊബൈലിൽ സേവ് ചെയ്യുന്നു. സിനിമയും അതുപോലെ തന്നെയാണ് സാങ്കേതികവിദ്യകൾ പുരോഗമിച്ചതോടെ സിനിമ ചിത്രീകരിക്കുന്ന രീതിയ്ക്കും കഥപറയുന്ന രീതിയ്ക്കും വ്യത്യാസം വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി മനുഷ്യന്റെ വൈകാരികാവസ്ഥകൾ തന്നെയാണ് സിനിമ കാണിച്ചു തരുന്നത്.മാനുഷിക വികാരത്തിന് പ്രാമുഖ്യമുള്ള സിനിമകൾ ഇന്നത്തെ തലമുറയിൽ കുറവാണ് എന്നൊരു ആക്ഷേപമുണ്ട്. അതിനെക്കുറിച്ച്?അങ്ങനെ ഒരിക്കലും പറയാനാവില്ല. പ്രേമം സിനിമയുടെ കാര്യം തന്നെ എടുക്കാം. ഈ പറയുന്ന മാനുഷിക വികാരത്തിന് പ്രാധാന്യം നൽകുന്നത് കൊണ്ടാണല്ലോ പ്രേമം ഇത്രയേറെ ചർച്ചയായതും വിജയം നേടിയതും. പക്ഷെ പ്രേമം കൈകാര്യം ചെയ്യുന്ന വിഷയം ന്യൂജനറേഷൻ അല്ല. ഭരതൻ ചാമരത്തിലൂടെ എത്രയോ കാലം മുമ്പ് പറഞ്ഞ വിഷയമാണ് അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള പ്രണയം. രണ്ടും പറയുന്നത് വിലക്കപ്പെട്ട കനി തിന്നാം എന്ന ഒരേ ആശയമാണ്. എന്നാൽ പ്രേമം ഈ വിഷയം കൈകാര്യം ചെയ്ത രീതി വ്യത്യസ്തമാണ്.ഞാൻ സംവിധാനം ചെയ്യും മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് എടുത്ത സിനിമയാണോ?തീർച്ചയായും അതെ. എന്നും ഞാൻ കഥപറയുന്ന പശ്ചാത്തലം കുടുംബമാണ്. പുതിയ സിനിമയും മാറ്റങ്ങൾ ഉൾക്കൊണ്ട് കുടുംബത്തിനുള്ളിൽ നിന്ന് പറയുന്ന സിനിമയാണ്. പുതുതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടും എന്നാണ് വിശ്വാസം. ബാലചന്ദ്രമേനോന്റെ സിനിമ എന്നു പറയുമ്പോൾ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കും. ആ പ്രതീക്ഷ സംവിധായകൻ എന്ന നിലയിൽ എനിക്ക് വലിയൊരു ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വം നന്നായി നിർവഹിക്കാൻ സാധിച്ചൂ എന്നു തന്നെയാണ് എന്റെയും പ്രതീക്ഷ.എന്തെല്ലാമാണ് സിനിമയുടെ മറ്റു പുതുമകൾ?ഞാൻ തന്നെയാണ് രചനയും സംവിധാനവും നിർമാണവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എന്റെ എല്ലാ സിനിമയിലും ഉള്ളതു പോലെ ഇതിലും ഒരു പുതുമുഖത്തെ പരിചയപ്പെടുത്തുന്നുണ്ട്- ദക്ഷിണ. ഞാൻ തന്നെയാണ് ദാസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത് ഗായത്രിയാണ് (ശ്രീധന്യ). ഗായത്രി സിനിമയിൽ ചെറിയ വേഷങ്ങൾ നേരത്തെ ചെയ്തിട്ടുണ്ട്. ഗായത്രി വഴിയാണ് ദക്ഷിണ സിനിമയിൽ എത്തുന്നത്. ഞാൻ പരിചയപ്പെടുത്തുന്ന പുതുമുഖമാണ് ദക്ഷിണ, അല്ലാതെ സിനിമയിലെ നായികയല്ല. പിന്നെ ശങ്കർ-മേനക ജോഡികളുടെ സാന്നിധ്യം സിനിമയിലുണ്ട്. ഈ ജോഡികൾ മലയാളിപ്രേക്ഷകർക്ക് നൽകിയ ഗൃഹാതുരത്വം ഈ സിനിമയിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഏറെ കാലത്തിനു ശേഷം കവിയൂർ പൊന്നമ്മ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മധുവും പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ മൂന്നുതലമുറയുടെ സംഗമമാണ് ഈ സിനിമ. രണ്‍ജി പണിക്കര്‍, രവീന്ദ്രന്, വിനീത്, സുനില്‍ സുഖദ, കലാഭവന്‍ ഷാജോണ്‍, ധര്മ്മജന്, കൊച്ചുപ്രേമന്, സുധീര്‍ കരമന, ശശി കലിംഗ, പി.ശ്രീകുമാര്‍, വിജി തമ്പി, യദുകൃഷ്ണന്, ശ്രീകാന്ത്, അര്ജുന്, പൂജപ്പുര രാധാകൃഷ്ണന്, ആറ്റുകാല്‍ തമ്പി, ശ്രീലതാ നമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി , അഞ്ജനാ അപ്പുക്കുട്ടന്, ഗീതാനായര്‍ എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം-ജെമിന്‍ജോ അയ്യനേത്ത്, ഗാനരചന നിർവഹിച്ചിരിക്കുന്നത് പൂവച്ചല്‍ ഖാദറാണ്്. കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ പാക്കേജിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കെപിആര്‍. ഫിലിംസിനുവേണ്ടി വി ആന്‍ഡ് വി. പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം സെപ്തംബർ-18ന് എത്തും. ആകസ്മികമായിട്ടാണ് ഏപ്രിൽ 18 പോലെ സെപ്തംബർ 18 വരുന്നത്.
ഞാൻ സംവിധാനം ചെയ്യും ബാലചന്ദ്രമേനോൻ
0
Share.