പാഠപുസ്തക അച്ചടി വീണ്ടും സ്വകാര്യമേഖലക്ക്

0

അറുപത് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസ്സുകള്ക്ക് കൊടുക്കുന്നതിന്റെ ഭാഗമായി ടെണ്ടറുകള് ഇന്ന് തുറക്കും. അതേസമയം ദിവസവും അന്പതിനായിരം പുസ്തകം അച്ചടിച്ചു നല്കാമെന്ന സര്ക്കാര് പ്രസ്സുകളുടെ രേഖാമൂലമുള്ള ഉറപ്പ് വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചില്ല. സര്ക്കാര് പ്രസ്സുകളുടെ സൂപ്രണ്ട് നല്കിയ കത്തിന്റെ പകര്പ്പ് മനോരമ ന്യൂസിന് ലഭിച്ചു.രണ്ടാംഘട്ടമായി കെബിപിഎസിനെനെ ഏല്പ്പിച്ച ഒരുകോടി 25 ലക്ഷം പാഠപുസ്തകങ്ങളില് 60 ലക്ഷമാണ് സ്വകാര്യ പ്രസ്സുകളെ ഏല്പ്പിക്കാന് ആലോചിക്കുന്നത്. കെബിപിഎസിന് നല്കിയ അതേ തുകക്ക് അച്ചടി പുറത്ത് നല്കാന് സര്ക്കാര് അനുമതി നല്കിയിട്ടുണ്ട്. ആറ് ടെണ്ടറുകളാണ് ലഭിച്ചിട്ടുള്ളത്. ഇവ ഇന്ന് തുറന്ന് പരിശോധിച്ചശേഷം തീരുമാനമെടുക്കും.എന്നാല് പാഠപുസ്തക അച്ചടി ഏറ്റെടുക്കാമെന്നും അധിക ഷിഫ്റ്റില് പ്രവര്ത്തിക്കാതെ തന്നെ , ദിവസവും 50,000 കോപ്പി അച്ചടിക്കാനാവുമെന്നും സര്ക്കാര് പ്രസ്സുകള് അറിയിച്ചിരുന്നു. സെപ്റ്റംബര് ഒന്നിന് സര്ക്കാര് പ്രസ്സുകള് രേഖാമൂലം ഇക്കാര്യം അറിയിച്ചതാണ്. അച്ചടി സാമഗ്രികള് വാങ്ങി നല്കണം. അല്ലെങ്കില് സാധനങ്ങള് പ്രാദേശികമായി വാങ്ങാന് അനുമതി നല്കണമെന്നും സര്ക്കാര് പ്രസ്സുകള് ആവശ്യപ്പെട്ടിരുന്നു. ഇത് പൂര്ണ്ണമായും അവഗണിച്ചുകൊണ്ടാണ് സ്വകാര്യപ്രസ്സുകളെ ആശ്രയിക്കാനുള്ള തീരുമാനം.
സെപ്റ്റംബര് 10 ന് മുന്പ് 10 ലക്ഷം പുസ്തകങ്ങളെങ്കിലും സര്ക്കാര് പ്രസ്സുകള്ക്ക് അച്ചടിച്ച് നല്കാനാവും. കൂടുതല് ഷിഫ്റ്റില് തൊഴിലാളികളെ വെച്ചാവല്, ഏകദേശം 30 ലക്ഷം പുസ്തകങ്ങളെങ്കിലും അധിക ചെലവില്ലാതെ സര്ക്കാര് പ്രസ്സുകള് അച്ചടിച്ച് നല്കിയേനെ. സംസ്ഥാനത്തെ അഞ്ച് സര്ക്കാര് പ്രസ്സുകളില് വെബ് ഓഫ് സെറ്റ് അച്ചടി സാധ്യമാണ്. ജൂണ്മാസത്തിലെങ്കിലും ഇവക്ക് രണ്ടാം ഘട്ട അച്ചടി നല്കിയിരുന്നെങ്കില് കെബിപിഎസ്സിനും സര്ക്കാര് പ്രസ്സുകള്ക്കുമായി മുഴുവന് പുസ്തകങ്ങളും അച്ചടിക്കാനാകുമായിരുന്നു

Share.

About Author

Comments are closed.