മനസ്സില്‍ തൊടുന്ന കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ചിരപ്രതിഷ്ഠിതനായ സംവിധായകനാണ് ശ്യാമപ്രസാദ്. ന്യൂജനറേഷന് വിപ്ലവത്തിനു മുന്പില് സിനിമാരംഗത്തെ അതികായര്‍ പോലും ചുവടിടറി വീണപ്പോള്‍ നല്ല സിനിമ എന്ന മിനിമം ഗ്യാരണ്ടിയില്‍ മലയാള സിനിമാസരണിയില് പാദമുറപ്പിച്ച പ്രതിഭാശാലിയാണ് അദ്ദേഹം. ഋതുഭേദങ്ങളറിയുന്ന കലാകാരന്റെ മനക്കണ്ണാടിയിലെ നേര്‍ചിത്രങ്ങളായി കല്ലുകൊണ്ടൊരു പെണ്ണും, അഗ്നിസാക്ഷിയും, ഒരേകടലും, ഋതുവുമെല്ലാം കടന്ന് ആര്‍ട്ടിസ്റ്റില്‍ എത്തി നില്ക്കുന്പോള് ഒരു സംവിധായകന്റെ മേലങ്കിയില്ലാതെ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ.
ചോ – താങ്കളുടെ സിനിമകള്‍ക്ക് ഒരു കവിതയുടെ നൈര്‍മല്യമുണ്ട്. ആര്‍ട്ടല്ല എന്നാല്‍ വാണിജ്യസിനിമയുമല്ല. കലയോടുള്ള ഈ സമീപനം എങ്ങനെ സ്വായത്തമാക്കി…
ഉ – അതിനു പ്രത്യേകം തയ്യാറെടുപ്പുകളൊന്നുമില്ല. സിനിമ എന്നാല്‍ പ്രേക്ഷകന്റെ വികാരങ്ങളുമായി സംവദിക്കുന്നതാകണം. നമ്മെ സ്വാധീനിക്കുന്ന സാംസ്കാരിക ലോകത്തിന്റെ കണ്ടെത്തലാകണം. അല്ലാതെ അവന്റെ ബുദ്ധിയെ പരീക്ഷിക്കുകയോ കളിയാക്കുകയോ അരുത്. പ്രേക്ഷകന്റെ വേദനയും സന്തോഷവും ഒറ്റപ്പെടലുമെല്ലാം അവനു കാട്ടിക്കൊടുക്കലാകണം സിനിമ. അങ്ങനെയേ ഞാന്‍ കണ്ടിട്ടുള്ളൂ.
ചോ – താങ്കള്‍ പിന്തുടരുന്ന ഈ ശൈലി മാറി വാണിജ്യ സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയിട്ടുണ്ടോ.
ഉ – പ്രേക്ഷകന് കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ തന്നെയാണ് ഞാന്‍ ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ഹോട്ടലുകാരുടെ ഇഷ്ടത്തിന് കഴിക്കുന്ന രീതി എനിക്ക് അംഗീകരിക്കാന്‍ ആവില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്തോ അത് നല്കാന് തയ്യാറാകണം. എങ്കിലേ മികച്ച കലാസൃഷ്ടികള്‍ ഉണ്ടാകൂ.
ചോ – അഗ്നിസാക്ഷി പോലൊരു നോവല്‍ സിനിമയാക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നു.
ഉ – ലളിതാംബിക അന്തര്‍ജനത്തിന്റെ ശക്തമായ നോവലാണ് അഗ്നിസാക്ഷി. അത് സിനിമയാക്കുന്നത് ശ്രമകരമായ ഒരു ജോലിയായിരുന്നു. പ്രമേയത്തിലെ സത്ത നഷ്ടപ്പെടാതെ എന്നാല്‍ പ്രേക്ഷകര്‍ക്ക് രസിക്കുംവിധം പരുവപ്പെടുത്തിയെടുക്കുക എന്നത് വലിയൊരു അനുഭവമായിരുന്നു. പ്രേക്ഷകര്‍ അതേറ്റു വാങ്ങിയപ്പോള്‍ കഠിനാധ്വാനത്തിനു ഫലമുണ്ടായതായി തോന്നി.
ചോ – താങ്കളുടെ സിനികളുടെ പേരുകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അതെങ്ങനെ സാധ്യമാകുന്നു.
ഉ – പേരുകള്‍ സിനിമയുടെ ജീവനാണ്. ഞാന്‍ വളരെ ലളിതമായ പേരുകളേ ഉപയോഗിച്ചിട്ടുള്ളൂ. അകലെ, അരികെ, ഋതു, അഗ്നിസാക്ഷി എന്നവയൊക്കെ ഉദാഹരണങ്ങളാണ്. പേരുകള്‍ ലളിതമായി തോന്നാമെങ്കിലും കഥയോടടുക്കുന്പോള് കാവ്യാത്മകമായി മാറുന്നു. കഥയില്‍ നിന്നുതന്നെ പേരുലഭിക്കും.
ചോ – ട്രെന്റി സിനിമകളുടെ പ്രവാഹത്തില്‍ ഒലിച്ചുപോകാത്ത മണ്ണാണ് താങ്കളുടെ സിനിമ. ശ്യാമപ്രസാദ് എന്ന സംവിധായകന് കണ്ടെത്തിയ ഇടത്തിന് ഇന്നും ഇളക്കമില്ല.
ഉ – വ്യത്യസ്തതയ്ക്കു വേണ്ടിയും ചെറുത്തു നില്പ്പിനും ഞാന്‍ ഒന്നും ചെയ്യുന്നില്ല. പ്രമേയങ്ങളുടെ ആഴവും പരപ്പും നോക്കി സിനികള്‍ ഉണ്ടാക്കണം. താരങ്ങള്‍ക്കു വേണ്ടി കഥകള്‍ ഉണ്ടാക്കാതിരിക്കുക. സിനിമാകഥ മെനയാതെ ജീവിതഗന്ധമുള്ള കഥകള്‍ തെരഞ്ഞെടുക്കുക. ഇത്രയെക്കെയെ ഞാന്‍ ചെയ്യുന്നുള്ളൂ.
ചോ – മലയാള സിനിമ യുവാക്കളുടെ മാത്രമായി മാറുന്നുവോ.
ഉ – ധാരാളം പുതിയ ആളുകള്‍ സിനിമയുമായി രംഗത്ത് വരുന്നുണ്ട്. എന്നാല്‍ അവരില്‍ കുറച്ചു പേര്‍ക്കു മാത്രമേ സിനിമയെ ആഴത്തില്‍ മനസ്സിലാക്കാനായിട്ടുള്ളൂ. ആടാനും മറ്റും പറഞ്ഞാല്‍ ആരും സംവിധായകരാകുന്നില്ല. സംവിധായകന് ഒരു കലാകാരനായിരിക്കണം. സിനിമയെക്കുറിച്ചും പ്രാചീന കലകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമൊക്കെ അവബോധമുണ്ടായിരിക്കണം. അല്ലാത്തവര്‍ക്ക് സിനിമ ക്ഷണികമാണ്. ഇവിടെ പലര്‍ക്കും സിനിമ കുട്ടിക്കളിയാണ്. അങ്ങനെയെങ്കില്‍ സിനിമ എന്നന്നേക്കും നമ്മില്‍ നിന്നും കൈവിട്ടുപോകും.
തയ്യാറാക്കിയത് – വിനു ശ്രീലകം