മെർക്കുറി കലർന്ന മരുന്ന് നൽകിയ വ്യാജ വൈദ്യൻ പിടിയിൽ

കൊല്ലം അഞ്ചലിൽ അമിത അളവിൽ മെർക്കുറി കലർന്ന മരുന്ന് നൽകിയ വ്യാജ വൈദ്യൻ പൊലീസ് പിടിയിൽ. വൈദ്യനൊപ്പം സഹായിയും പിടിയിലായി. പുനലൂരിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറ് മാസത്തോളമായി അഞ്ചൽ, ഏരൂർ പ്രദേശങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ് കമ്മം ജില്ലയിലെ ഗുംപേല ഗുഡം ചെന്നൂരി പ്രസാദ്, ഇയാളുടെ അനുജൻ ചെന്നൂരി ഏലാദ്രി എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ പൊലീസ് പിടികൂടിയത്. വ്യാജ വൈദ്യനെ പിടികൂടാനായി പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഇയാൾ തെലങ്കാനയിലേക്ക് കടന്നിരുന്നു.

അവിടെ നിന്ന് ട്രെയിൻ മാർഗം പുനലൂരിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ സിഐ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടിയത്.

നേരത്തേ സംഘത്തിലുള്ള മൂന്ന് പേരെ കോട്ടയത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തലവനും സഹായിയും കുടുങ്ങിയത്. വീടുകൾ തോറും കയറിയിറങ്ങി അമിത അളവിൽ മെർക്കുറി കലർന്ന മരുന്ന് വിതരണം ചെയ്ത് വരികയായിരുന്നു ഇവർ. മരുന്ന് കഴിച്ച് നാലു വയസുകാരൻ ഉൾപ്പടെ നൂറോളം പേർ ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *